LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് വീണ്ടും നോട്ടീസ്; നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു

നാളെ മൂന്ന് മണിക്കുള്ളില്‍ താത്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ അറിയിക്കണം. ഇല്ലെങ്കില്‍ പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസ് 

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് വീണ്ടും നോട്ടീസ്; നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു

മരട് നഗരസഭാ സെക്രട്ടറിയെ ഫ്ലാറ്റുകളിലെ താമസക്കാര്‍ തടഞ്ഞു. നാളെ മൂന്ന് മണിക്കുള്ളില്‍ താത്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ അറിയിക്കണം. ഇല്ലെങ്കില്‍ പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന നോട്ടീസ് പതിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇനി ഇക്കാര്യത്തില്‍ അറിയിപ്പ് ഉണ്ടാകില്ലെന്നും നഗരസഭയുടെ നോട്ടീസില്‍ പറയുന്നു. ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാ സെക്രട്ടറി ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റുടമകൾ നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എ എം സ്വരാജും സെക്രട്ടറിയുടെ നടപടികളെ ചോദ്യം ചെയ്തു. നഗരസഭ സെക്രട്ടറി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് എം സ്വരാജ് എം.എൽ.എ പ്രതികരിച്ചു.

ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാവിലെ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയിരുന്നു. പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ ഉദ്യോഗസ്ഥർ തെറ്റായി റിപ്പോർട്ട് നൽകിയെന്നാരോപിച്ച് നഗരസഭക്ക് മുന്നിൽ ഫ്ലാറ്റുടമകൾ ഉദ്യോഗസ്ഥരുടെ കോലം കത്തിച്ചു.