LiveTV

Live

Kerala

‘മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ എസ്.എഫ്.ഐ പരാതി’; 8 വര്‍ഷത്തിന് ശേഷം പരാതി വ്യാജമായിരുന്നുവെന്ന് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

‘മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ എസ്.എഫ്.ഐ പരാതി’; 8 വര്‍ഷത്തിന് ശേഷം പരാതി വ്യാജമായിരുന്നുവെന്ന് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ എസ്.എഫ്.ഐ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമായിരുന്നെന്ന് കാണിച്ച് അധ്യാപകന്‍. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലക്ചററായി ജോലി ചെയ്യുന്ന സമയത്താണ് അധ്യാപകനായ ഇഫ്തിഖാര്‍ അഹമ്മദിനെതിരെ മോശം പെരുമാറ്റം ആരോപിച്ച് എസ്.എഫ്.ഐ പരാതി ഉയര്‍ത്തുന്നത്. എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ പിന്നീട് അധ്യാപകന്‍ ഇഫ്തിഖാറിനെ കാസർക്കോട് ഗവ. കോളേജിലേക്ക് ട്രാൻസ്ഫർ നൽകുകയും ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തില്‍ കോളജില്‍ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന റിപ്പോര്‍ട്ടിന്മേലാണ് അധ്യാപകനെ സ്ഥലം മാറ്റിയത്.

ഏറെ വിവാദമായിരുന്ന ഈ സംഭവത്തില്‍ വെളിപ്പെടുത്തലുമായാണ് ഇപ്പോള്‍ വിദ്യാര്‍ഥിനി രംഗത്തുവന്നത്. അന്ന് മോശം പെരുമാറ്റത്തിനിരയായി എന്ന് പറഞ്ഞിരുന്ന വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ അധ്യാപകന് ഫേസ്ബുക്ക് സന്ദേശത്തിലൂടെ അന്നത്തെ സംഭവം വ്യാജമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി അന്ന് എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സന്‍ കൂടിയായിരുന്നു. കണ്ണൂരിലെ സി.പി.എം അനുഭാവികളായവരും എസ്.എഫ്.ഐയും വ്യാജപരാതിയുടെ പേരില്‍ തന്നെ വേട്ടയാടുകയായിരുന്നെന്നും അധ്യാപകനായ ഇഫ്തിഖാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് അധ്യാപകന്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അധ്യാപകന്റെ ഫേസ്ബുക്ക് കുറിപ്പ്

വ്യാജപരാതിക്ക് കൂട്ടുനിന്നുവെന്ന കുറ്റസമ്മതവുമായി എട്ട് വർഷത്തിന് ശേഷം എസ്എഫ്ഐ പ്രവർത്തകയായ എന്റെ വിദ്യാർത്ഥിനി.

ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാട് സൂക്ഷിച്ചു എന്ന പേരിൽ കണ്ണൂരിലെ ചില സി.പി.എം. അനുഭാവികൾ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതിൽ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..

വിശദമായി തന്നെ പറയാം..

അധ്യാപകദിനം ആശംസിച്ച ശേഷം, ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടും, സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ എന്നോട് ചില തുറന്നു പറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്.. അതും 8 വർഷത്തിന് ശേഷം!!

"കാലം മായ്ക്കാത്ത മുറിവുണ്ടോ" എന്ന് ചോദിച്ചു കൊണ്ടാണ് ഇപ്പോൾ അധ്യാപികയായ എന്റെ മുൻകാല എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയും, എസ്.എഫ്.ഐ. പ്രവർത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചത്..

വലിയ താല്പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാൻ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടായിരിക്കാം, അവൾ "ഇപ്പോഴും ദേഷ്യമാണോ" എന്ന് ചോദിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിൽ, വിദ്യാർത്ഥികളിൽ വല്ല തെറ്റുകളും വന്നുപോയാൽ പൊറുത്തുകൊടുക്കുക എന്നത് ധാർമികതയുടെ ഭാഗമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചൻ മനസ്ഥിതി ഉള്ളത് കൊണ്ടാണ് അവളോട് സംസാരം തുടർന്നത്..

എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലിൽ കൈവെച്ചു എന്ന അപരാധം) എന്ന പരാതി നൽകി, രാഷ്ട്രീയമായി എതിർപക്ഷത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐ. കളിച്ചത്. ചില ഇടത് അധ്യാപക സംഘടനക്കാരുടെ പ്രോത്സാഹനവും അവർക്ക് എന്നെ അപമാനിക്കാൻ ലഭിച്ചു.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലകചററായി ജോലി ചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല.. മറിച്ച്, എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സനാണ്..

പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു.. കൂടാതെ കണ്ണൂരിൽ നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും.. പൊടിപ്പും തൊങ്ങലും വെച്ച് അവർ മഞ്ഞ നിരത്തി.. ക്യാമ്പസിനകത്തും പുറത്തും പോസ്റ്ററുകൾ നിരന്നു..

ഇതര വിദ്യാർത്ഥി സംഘടനകൾക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടായതിനാൽ ആ പരാതിക്കെതിരെ, എന്നെ അനുകൂലിച്ചു കൊണ്ട് വിദ്യാർഥികൾ സംഘടിച്ചു.. എന്നെ അനുകൂലിച്ച് അവരിൽ മുമ്പിലുണ്ടായിരുന്നതോ, അപമര്യാദയ്ക്ക് ഇരയായി എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിനിയും..

കോളേജിൽ ഒരു സംഘർഷാവസ്ഥ ഉടലെടുത്തു.. ഒടുക്കം ഒരു മുൻ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യുട്ടി ഡയറക്ടർ അന്വേഷണത്തിനായി കോളേജിലെത്തി.. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ, എന്നെ അനുകൂലിച്ച വിദ്യാർത്ഥിനികളും ചില അധ്യാപകരും നേരിട്ടു..

ഒടുവിൽ, കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടുണ്ടാക്കി, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസർക്കോട് ഗവ. കോളേജിലേക്ക് എനിക്കൊരു ട്രാൻസ്ഫർ അടിച്ചു തന്നു (ആ ട്രാൻസ്ഫറിന് SFI പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന പേരിലായിരുന്നു)

തളരാൻ ഞാൻ ഒരുക്കമല്ലായിരുന്നു...
പരാതിപ്പെട്ട മുഴുവൻ വിദ്യാർഥിനികൾക്കുമെതിരെ കോടതിയിൽ കേസ് കൊടുത്തു..

വക്കീൽ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച്, അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നിൽ നിന്നും കേസ് പിൻവലിക്കാൻ അവർക്ക് സാധിച്ചു..

ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു.. ഞാൻ വീണ്ടും കൃഷ്ണമേനോനിൽ തിരിച്ചെത്തി.. പക്ഷെ, അപ്പോഴേക്കും പഴയ താപ്പാനകൾ ക്യാംപസ് വിട്ടു പോയിരുന്നു..

രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോൾ ഷെയർ ചെയ്യുന്നത്.. അവർ പറഞ്ഞു പരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല..

SFI യിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു പിടി നല്ല വിദ്യാർഥി സുഹൃത്തുക്കളെ അപമാനിക്കാനുമല്ല..

മറിച്ച്, പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉരുക്ക് പോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാർത്ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് - എന്നെ താങ്ങിനിറുത്തിയതിൽ അവർക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഓർമപ്പെടുത്താനും, മരണം വരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും..

കൂടാതെ, ക്രിസ്തു പറഞ്ഞത് പോലെ, എല്ലാവരോടും ക്ഷമിക്കാനും..

കേരളത്തിൽ ഇത്തരുണത്തിൽ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കുമായി ഞാനിത് സമർപ്പിക്കുന്നു.