LiveTV

Live

Kerala

മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന് ശശീന്ദ്രന്‍

പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന് കേന്ദ്ര വിജ്ഞാപനം ഇറങ്ങണം

മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന് ശശീന്ദ്രന്‍

മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പിഴ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന് കേന്ദ്ര വിജ്ഞാപനം ഇറങ്ങണം. ഇക്കാര്യത്തിൽ വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കും. ഇക്കാര്യത്തില്‍ തീരുമാനം വരുന്നത് വരെ ഉയർന്ന പിഴ ഈടാക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിഴ പകുതിയാക്കിയെങ്കിലും നിയമാനുസൃതമായ ഉത്തരവുകൾ ഇറക്കിയിട്ടില്ലെന്ന് ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ പറഞ്ഞു. മോട്ടോർ വാഹനങ്ങൾ കണ്‍കറന്റ് ലിസ്റ്റിലാണ് വരുന്നതെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങൾ മരവിപ്പിച്ചു കൊണ്ടാണ് നിയമം ആക്കിയത്‌. സംസ്ഥാനത്തിന് മാറ്റം വരുത്താനാകില്ല. കേന്ദ്രം തന്നെ ഇക്കാര്യത്തിൽ ഭേദഗതി വരുത്തണം.

വാഹന പരിശോധന നടത്താൻ കഴിയാത്തതിൽ ആശങ്കയുണ്ട്. എന്നാലും തീരുമാനം വരുന്നതുവരെ ഉയർന്ന പിഴ ഈടാക്കില്ല. കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും യോഗത്തിൽ തീരുമാനമായി. നിയമ സെക്രട്ടറി അരവിന്ദ് ബാബു, ഗതാഗത കമ്മീഷണർ ആർ. ശ്രീലേഖ തുടങ്ങിയവരും പങ്കെടുത്തു.