LiveTV

Live

Kerala

മലങ്കരസഭ പള്ളി തര്‍ക്കത്തില്‍ യാക്കോബായ സഭ പ്രക്ഷോഭത്തിലേക്ക്

ഈ മാസം 24 ന് എറണാകുളത്ത് സഭ നേതൃത്വം ഉപവാസം നടത്തും.

മലങ്കരസഭ പള്ളി തര്‍ക്കത്തില്‍  യാക്കോബായ സഭ പ്രക്ഷോഭത്തിലേക്ക്

മലങ്കരസഭ പള്ളി തര്‍ക്കത്തില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ യാക്കോബായ സഭ തീരുമാനം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് ലഭിച്ച് തുടങ്ങിയതോടെയാണ് യാക്കോബായ സഭ സമരത്തിലേക്ക് നീങ്ങുന്നത്. ഈ മാസം 24 ന് എറണാകുളത്ത് സഭ നേതൃത്വം ഉപവാസം നടത്തും.

ഓര്‍ത്തഡോക്സ് വിഭാഗം കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തതോടെ സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യക്ഷസമരവുമായി മുന്നോട്ടുപോകാന്‍ യാക്കോബായ സഭ നേതൃത്വം തീരുമാനിച്ചത്.

ഈ മാസം 24 ന് സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഉപവാസം നടത്തും. മുഴുവന്‍ മെത്രാപൊലീത്തമാരും വൈദികരും സഭാ ഭാരവാഹികളും ഉപവാസത്തില്‍ പങ്കെടുക്കും.

കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ത്തഡോക്സ് സഭ പള്ളികള്‍ പിടിച്ചെടുക്കുന്നതെന്നാണ് യാക്കോബായ സഭയുടെ ആരോപണം. വിശ്വാസികളെ സഭയില്‍ നിന്ന് പുറത്താക്കിയും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിക്കാതെയും പീഡിപ്പിക്കുകയാണെന്ന് ചൂണ്ടികാട്ടി സഭാ വിശ്വാസികള്‍‌ ഒപ്പിട്ട ഭീമഹരജി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ഈ മാസം 15 മുതല്‍ 23 വരെ ഇടവകകളില്‍ ഒപ്പ് ശേഖരണം നടത്തും.

മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന സുപ്രീംകോടതി വിധിയോടെയാണ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് ലഭിച്ചത്.