LiveTV

Live

Kerala

ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു 

ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു 

ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃഭാഷയെ സ്നേഹിക്കുന്നവർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ആരോപിച്ചു.

ഒരു രാജ്യം ഒരു ഭാഷയെന്ന അമിത് ഷായുടെ പ്രസ്താവന ഇന്നലെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബംഗാൾ മുഖ്യമന്ത്രി മമതാ ബനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ എന്നിവർ വലിയ വിമർശമാണ് ഉന്നയിച്ചത്. ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യും എതിർത്തു. എന്നാൽ നിർദേശത്തെ സ്വാഗതം ചെയ്യുകയാണെന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് അറിയിച്ചത്. സംഘപരിവാറിന്റെ ഹിന്ദി അജണ്ടയാണ് അമിത് ഷാ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കാൻ ലക്ഷ്യമിടുന്നു. മാതൃഭാഷയെ സ്നേഹിക്കുന്നവർക്കെതിരെയുളള യുദ്ധപ്രഖ്യാപനമാണിത്. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനള്ള നീക്കമാണെന്നും മുഖ്യമന്ത്രി കുറിച്ചു .

ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ആരോപിച്ചു. വിഭജനത്തിന്റെയും വേർതിരിവിന്റേയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.