LiveTV

Live

Kerala

തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി; പ്രചരണം ശക്തമാക്കി മുന്നണികള്‍

തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി;  പ്രചരണം ശക്തമാക്കി മുന്നണികള്‍

തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചരണം ശക്തമാക്കി മുന്നണികള്‍.യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് ഭരണങ്ങാനം പഞ്ചായത്തിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാമപുരത്തുമാണ് പ്രചരണം നടത്തുക. അവസാനഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാന നേതാക്കളെല്ലാം പാലായിലേക്ക് എത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തെ അപേക്ഷിച്ച് വീറും വാശിയും നിറഞ്ഞതായിരിക്കുകയാണ് അവസാനവട്ട പ്രചരണ പരിപാടികള്‍. വാഹനപ്രചരണത്തിലൂടെ കൂടുതല്‍ഇടങ്ങളിലേക്ക് എത്തിച്ചേരാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. രാവിലെ മുതല്‍ മാണി സി കാപ്പന്‍ വാഹന പ്രചരണം ആരംഭിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം മാത്രമേ ജോസ് ടോം തന്റെ പ്രചാരണം ആരംഭിക്കുകയുള്ളു. ഞായറാഴ്ചയായതിനാല്‍ പളളികളിലും മറ്റുമുള്ള സന്ദര്‍ശനമാണ് ലക്ഷ്യമിടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി രാമപുരം പഞ്ചായത്തിലാണ് ഇന്ന് വാഹന പ്രചരണം നടത്തുക. പ്രചരണത്തിന് കൊഴുപ്പേകി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളും എത്തുന്നുണ്ട്. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും. യുഡിഎഫിന് വേണ്ടി രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും എത്തുന്നുണ്ട്. പി ജെ ജോസഫിനെ കൂടി എത്തിക്കാന്‍ കഴിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലാണ്. കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ എന്‍ ഹരിക്ക് വേണ്ടിയും കളത്തിലുണ്ട്.