LiveTV

Live

Kerala

മൂലമ്പളളി പുനരധിവാസ പാക്കേജ്; അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍

ചതുപ്പ് നിലം നികത്തി വെച്ച വീടുകള്‍ക്ക് ബലക്ഷയമുണ്ടായതായും കമ്മീഷന്‍ കണ്ടെത്തി 

 മൂലമ്പളളി പുനരധിവാസ പാക്കേജ്; അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍

മൂലമ്പളളി പാക്കേജ് പ്രകാരം എറണാകുളം കാക്കനാട് 162 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍. 2008ല്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ ആകെ മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് വീടുവെച്ചത്. ചതുപ്പ് നിലം നികത്തി വെച്ച വീടുകള്‍ക്ക് ബലക്ഷയമുണ്ടായതായും കമ്മീഷന്‍ കണ്ടെത്തി.

പുനരധിവാസ ഭൂമിയില്‍ വീട് വെക്കാനാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനായ ജസ്റ്റിസ് കെ. സുകുമാരന്‍ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചത്. ചതുപ്പ് നികത്തിയ ഭൂമിയില്‍ വീട് പണിയാനാകാനാവശ്യമായ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. 2008 ഫെബ്രുവരി 6നാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള പാതയ്ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്.

316 കുടുംബങ്ങള്‍ക്കാണ് ഇതോടെ കിടപ്പാടം നഷ്ടപ്പെട്ടു. 46 കുടുംബങ്ങള്‍ വീടുവെച്ചുവെങ്കിലും ഇതില്‍ 7 വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. ബാക്കിയുളളവര്‍ വീടുവെക്കാനാവാതെ പലയിടങ്ങളിലും വാടകയ്ക്കാണ് താമസിക്കുന്നത്. ഹൈക്കോടതി നിര്‍ദേശിച്ച വാടക തുക പോലും സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുമില്ല.