LiveTV

Live

Kerala

ആദിവാസി വനിതാനേതാവ് ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കം

ഈശ്വരി രേശൻ വികസനത്തിന് എതിര് നിൽക്കുന്നുവെന്നാരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വവും സിപിഐയിലെ ഒരു വിഭാഗവുമാണ് രംഗത്തെത്തിയത്.

ആദിവാസി വനിതാനേതാവ് ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കം

ആദിവാസി വനിതാ നേതാവ് ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാന്‍ നീക്കം. ഈശ്വരി രേശൻ വികസനത്തിന് എതിര് നിൽക്കുന്നുവെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതൃത്വവും സി.പി.ഐയിലെ ഒരു വിഭാഗവുമാണ് രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഈശ്വരി, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടി വിടുമെന്ന നിലപാടിലാണ് .

അടിയന്തിര പ്രധാന്യത്തോടെയാണ് ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം നടക്കുന്നത്. സി.പി.ഐ അട്ടപ്പാടി മണ്ഡലം കമ്മറ്റി പ്രശ്നം ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഈശ്വരി രേശനെ മാറ്റണമെന്ന് സി.പി.എം ഏരിയാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

അട്ടപ്പാടിയിലെ വികസനത്തിന് ഈശ്വരി രേശൻ എതിരു നിൽക്കുന്നുവെന്നാണ് ആരോപണം. അട്ടപ്പാടിക്ക് അനുവദിച്ച കോടതിക്ക് കെട്ടിടം അനുവദിക്കുന്നതിലും, ഫണ്ട് വിനിയോഗത്തിലും വീഴ്ച വരുത്തി എന്നാണ് പരാതി. എന്നാൽ ഈശ്വരി രേശനെതിരെ നടക്കുന്നത് സംഘടിതമായ നീക്കമാണെന്ന ആരോപണം സി.പി.ഐലെ ഒരു വിഭാഗം ഉയർത്തി കാട്ടുന്നു. കെ.ഇ ഇസ്മയിൽ പക്ഷമായ ഇവരെ മാറ്റുന്നതിന് പിന്നിൽ പ്രധാനമായും ഗ്രൂപ്പ് പോരാണ് കാരണം. അട്ടപ്പാടിയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഈശ്വരി രേശനെ മാറ്റുന്നതിന് പിന്നിൽ കരാർ ലോബിയും ഉണ്ടെന്നാണ് വാദം.

എന്നാൽ തനിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈശ്വരി രേശൻ ജില്ലാ നേതൃത്വത്തെയും സി.പി.ഐ സംസ്ഥാന നേതാക്കളെയും അറിയിച്ചുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആദിവാസികൾക്കിടയിൽ ഏറെ സ്വാധീനം ഉള്ള ഈശ്വരി രേശനെ മാറ്റനുള്ള തീരുമാനം.