LiveTV

Live

Kerala

മലങ്കരസഭ പള്ളിതര്‍ക്കം: കോടതി കയറി ഉദ്യോഗസ്ഥര്‍

വിവിധ കോടതികളിലെ അഞ്ച് കോടതീയലക്ഷ്യകേസുകളിലായി ചീഫ് സെക്രട്ടറി അടക്കം മുപ്പതോളം ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്

മലങ്കരസഭ പള്ളിതര്‍ക്കം: കോടതി കയറി ഉദ്യോഗസ്ഥര്‍

മലങ്കരസഭ പള്ളിതര്‍ക്കത്തില്‍ കോടതീയലക്ഷ്യകേസില്‍പ്പെട്ട് നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥര്‍. വിവിധ കോടതികളിലെ അഞ്ച് കോടതീയലക്ഷ്യകേസുകളിലായി ചീഫ് സെക്രട്ടറി അടക്കം മുപ്പതോളം ഉദ്യോഗസ്ഥരാണ് നടപടി നേരിടുന്നത്. ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിതര്‍ക്കകേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഓര്‍ത്ത‍ഡോക്സ് വിഭാഗം വിവിധ കോടതികളില്‍ കോടതീലക്ഷ്യഹരജികള്‍ ഫയല്‍ ചെയ്തത്.

സുപ്രീംകോടതിയില്‍ നടക്കുന്ന കോടതീയലക്ഷ്യ നടപടികളില്‍ ഇരുപത് ഉദ്യോഗസ്ഥരാണ് എതിര്‍കക്ഷികളായുള്ളത്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പുറമേ റവന്യൂ സെക്രട്ടറിയും ഡി.ജി.പിയും ഈ കേസില്‍ എതിര്‍കക്ഷികളാണ്. ഇതിന് പുറമേ പ്രാദേശികമായി വിവിധ ജില്ലാകോടതികളിലും കോടതിയലക്ഷ്യ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പാലക്കാട്, എറണാകുളം ജില്ലാകളക്ടര്‍മാരും വിവിധ കോടതീയലക്ഷ്യകേസുകളില്‍ എതിര്‍കക്ഷികളാണ്.

ഹരജികളില്‍ വിശദീകരണവുമായി കോടതി കയറി ഇറങ്ങുകയാണ് പല ഉദ്യോഗസ്ഥരും. എതിര്‍കക്ഷികളായ ഉദ്യോഗസ്ഥര്‍ സ്വന്തം നിലക്ക് കേസ് വാദിക്കണമെന്ന നിലപാടിലേക്ക് കോടതിയും എത്തിയതോടെ പലരും പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കേസ് വാദിക്കാന്‍ തയാറാകണമെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ മാസം 25 ന് എറണാകുളം ജില്ലാ കോടതി നിലപാടറിയിക്കും. പിറവം, കോതമംഗലം പള്ളികളിലടക്കം സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലായിരുന്നില്ല.