LiveTV

Live

Kerala

പൂവിന് പകരം ഒരു പൂന്തോട്ടം തന്നെ ഒരുക്കിയ ക്ഷേത്രം

ക്ഷേത്രാവശ്യങ്ങൾക്ക് നാടൻ പൂക്കൾ കിട്ടാതായി തുടങ്ങിയതോടെയാണ് ക്ഷേത്രത്തിൽ തന്നെ പൂന്തോട്ടമൊരുക്കാമെന്ന ആശയം രൂപപ്പെട്ടത്.

പൂവിന് പകരം ഒരു  പൂന്തോട്ടം തന്നെ ഒരുക്കിയ  ക്ഷേത്രം

ഓണപ്പൂക്കളങ്ങൾക്ക് നിറച്ചാർത്തേകിയിരുന്ന നാട്ടുപൂക്കളിൽ പലതും നാടുനീങ്ങുകയാണ്. ഇതര സംസ്ഥാന പൂക്കളാണ് മലയാളിയുടെ ഓണത്തെ ഇന്ന് സമൃദ്ധമാക്കുന്നത്. എന്നാല്‍ നാട്ടുപൂക്കൾക്കായി ഒരു പൂന്തോട്ടമൊരുക്കിയിരിക്കുകയാണ് കാസര്‍കോട് ഒരു ക്ഷേത്രം. കാസര്‍കോട് പിലിക്കോട് രയരമംഗലം ഭഗവതീക്ഷേത്രത്തിലാണ് മനോഹരമായ ഈ കാഴ്‌ച.

പിച്ചകവും ചെമ്പരത്തിയും റോസാപ്പൂക്കളും വിവധ തരത്തിലുള്ള തുളസിച്ചെടികളും തുടങ്ങി പല തരത്തിലുള്ള പൂക്കളും ചെടികളും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രപരിസരം ആദ്യ കാഴ്ച്ചയില്‍ തന്നെ ആരുടെയും മനം നിറയ്ക്കും.

ക്ഷേത്രാവശ്യങ്ങൾക്ക് നാടൻ പൂക്കൾ കിട്ടാതായി തുടങ്ങിയതോടെയാണ് ക്ഷേത്രത്തിൽ തന്നെ പൂന്തോട്ടമൊരുക്കാമെന്ന ആശയം രൂപപ്പെട്ടത്. ക്ഷേത്രം ജീവനക്കാരി പത്മിനി ചെടികൾ നട്ടുപിടിപ്പിച്ചു തുടങ്ങി. ജീവനക്കാരെല്ലാം പൂർണ്ണ പിന്തുണ നൽകിയതോടെ ക്ഷേത്ര പരിസരം മനോഹരമായ ഉദ്യാനമായി മാറി.

വിവിധ തരം ഔഷധ സസ്യങ്ങളും ഈ ക്ഷേത്രോദ്യാനത്തിലുണ്ട്. വീട്ടുമുറ്റങ്ങളിൽ നിന്നും അന്യമായ പൂക്കളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ജൈവോദ്യാനം കൂടിയായി ഈ ക്ഷേത്രപരിസരം മാറുകയാണ്.

ഇത്തവണ ഒരു ഭാഗത്ത് കരനെല്ലും കൃഷി ചെയ്തിരുന്നു. നെൽചെടികൾ കതിരണിഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. ഈ പൂന്തോട്ടത്തിലേക്ക് കൂടുതൽ ചെടികളെത്തിക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രം ജീവനക്കാർ.