LiveTV

Live

Kerala

മരട് ഫ്ലാറ്റ്; സര്‍ക്കാര്‍ നിയമോപദേശം തേടി

സുപ്രീംകോടതി സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയതിന് ശേഷമാണ് സോളിസിറ്റര്‍ ജനറലിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

മരട് ഫ്ലാറ്റ്; സര്‍ക്കാര്‍ നിയമോപദേശം തേടി

മരട് ഫ്ലാറ്റ് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് നിയമോപദേശം തേടി. സെപ്റ്റംബർ 23ന്‌ കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സർക്കാരിന് വേണ്ടി തുഷാർ മേത്ത ഹാജരായേക്കും.

സുപ്രീംകോടതി സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയതിന് ശേഷമാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്. വിധി നടപ്പാക്കുന്നതില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടോയെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും തുഷാര്‍ മെഹ്ത നല്‍കുകയുണ്ടായി. ഇതനുസരിച്ചാണ് ഫ്ലാറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ നോട്ടീസ് നൽകിയത്. ചീഫ് സെക്രട്ടറി ഫ്ലാറ്റുകൾ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ മാസം ഇരുപത്തി മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി തുഷാര്‍ മെഹ്ത ഹാജരായേക്കുമെന്നാണ് വിവരം.

സുപ്രിംകോടതി വിധിക്കെതിരെ മുന്‍ വനം - പരിസ്ഥിതി മന്ത്രി ജയറാം രമേശ് രംഗത്തെത്തി. മരട് ഫ്ലാറ്റ് പൊളിക്കാനുള്ള വിധി വിവേചനപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.