LiveTV

Live

Kerala

കണ്ണൂരില്‍ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം; കെ.പി.സി.സിയുടെ മൂന്നംഗ സമിതി ഇന്ന് തെളിവെടുപ്പ് നടത്തും

കണ്ണൂരില്‍ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം; കെ.പി.സി.സിയുടെ മൂന്നംഗ സമിതി ഇന്ന് തെളിവെടുപ്പ് നടത്തും

കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് തെളിവെടുപ്പ് നടത്തും. ഇതിനിടെ ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങള്‍ ഇന്ന് ജോസഫിന്റെ വീട് സന്ദർശിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ.നാരായണന്‍, കെ.പി.അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോര്‍ട്ട് നൽകാനാണ് കെ.പി.സി.സി പ്രസിഡന്റ് ഇവർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പണം നൽകാതെ വഞ്ചിച്ചതാണ് പിതാവിന്റെ ആത്മഹത്യക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസഫിന്റെ മകൻ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചിരുന്നു. ചില കോൺഗ്രസ് നേതാക്കളുടെ ചതിയാണ് സംഭവങ്ങൾക്ക് കാരണമെന്നും കുടുംബത്തിന് നീതി ലഭിക്കാൻ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജോസഫിന്റെ മകൻ ഡെൻസ് മുല്ലപ്പള്ളിക്ക് കത്തയച്ചത്. ഇതിനിടെ സംഭവത്തിൽ ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കളെ നാളെ പൊലീസ് ചോദ്യം ചെയ്തേക്കും. കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ് തുടങ്ങി ഏഴ് പേർക്ക് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ നേതൃത്വം നൽകുന്ന ട്രസ്റ്റിന് വേണ്ടി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാനുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.