LiveTV

Live

Kerala

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു 

ഈ മാസം 16 വരെ പുതുക്കിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു 

മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുകയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മാസം 16 വരെ പുതുക്കിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന് വന്നതിനെ പിന്നാലെയാണ് നിയമം നടപ്പാക്കുന്നത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കി വന്‍ പിഴ ഈടാക്കുന്ന നിയമത്തെ മറികടക്കാനായിരുന്നു സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഒരിക്കല്‍ വിഞ്ജാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പിഴത്തുക കുറച്ച് നിയമം നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

എല്ലാ നിയമവശങ്ങളും പരിശോധിച്ച് ഈ മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതസെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ ഗതാഗതമന്ത്രി ചുമതലപ്പെടുത്തി. നിയമം നടപ്പാക്കാത്ത സംസ്ഥാനത്തെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഗുജറാത്തില്‍ പിഴത്തുക പകുതിയായി കുറച്ച സാഹചര്യവും നോക്കുന്നുണ്ട്. റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ ഗുജറാത്തിലേത് പോലെ പിഴത്തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന. അതേസമയം ഓണക്കാലമായത് കൊണ്ട് കര്‍ശനമായ വാഹനപരിശോധന വേണ്ടെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.