LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ്; തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു 

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ താമസക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

മരടിലെ ഫ്ലാറ്റ്; തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു 

കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഫ്ലാറ്റുടമകളുടെ തിരുത്തല്‍ ഹരജി. ഗോള്‍ഡന്‍ കായലോര റെസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പൊളിക്കാനുള്ള ഉത്തരവില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

മരട് വിഷയത്തില്‍ ഇനി ഹരജികള്‍ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ജൂലൈ അഞ്ചിന് ഉത്തരവിട്ടിരുന്നു. അതുകൊണ്ടുതന്നെ കഴി‍ഞ്ഞ ദിവസം ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹരജി കോടതി സ്വീകരിച്ചില്ല. എന്നാല്‍ അരുണ്‍ മിശ്രയുടെ ഉത്തരവ് തിരുത്തല്‍ ഹരജി നല്‍കുന്നതിന് തടസ്സമല്ലെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും കാണിച്ചാണ് ഹരജി.

തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിയെ അധ്യക്ഷനാക്കിയാണ് മൂന്നംഗ സമിതിയെ സുപ്രീംകോടതി നിശ്ചയിച്ചത്, എന്നാൽ കോടതി ഉത്തരവ് മറികടന്ന് സ്പെഷ്യല്‍ സെക്രട്ടറിയെ വിദഗ്ധ സമിതിയുടെ അധ്യക്ഷനാക്കി. മൂന്നംഗ സമിതി മറ്റൊരു സാങ്കേതിക സമിതിയെ നിശ്ചയിച്ചത് കോടതി പറഞ്ഞതനുസരിച്ചല്ല, ഇവര്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നീ ആരോപണങ്ങളാണ് ഹരജിയിലുള്ളത്. തിരുത്തല്‍ ഹരജി ആയതിനാല്‍ ചീഫ് ജസ്റ്റിസ് ‌അധ്യക്ഷനായ അഞ്ചംഗ ബഞ്ചായിരിക്കും ഹരജിയില്‍ വാദം കേള്‍ക്കുക.