LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ്; നിരാഹാര സത്യാഗ്രഹവുമായി ഫ്ലാറ്റുടമകള്‍

മരടിലെ ഫ്ലാറ്റുകള്‍ അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ്;  നിരാഹാര സത്യാഗ്രഹവുമായി ഫ്ലാറ്റുടമകള്‍

ഏറെ നാടകീയതകള്‍ക്കൊടുവിലാണ് മരട് നഗരസഭ ഇന്നലെ അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളിലും നോട്ടീസ് നല്‍കിയത്. ആല്‍ഫ, ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജെയ്ന്‍ ഫ്ലാറ്റുകളിലെ ഉടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. ഇന്ന് നഗരസഭയുടെ മുന്നില്‍ നിരാഹാര സത്യാഗ്രഹമിരിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലെ ചില ഉടമകള്‍ ഒഴികെ മറ്റെല്ലാവരും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചു മടങ്ങി. ഫ്ലാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ഇന്നലെ രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. യോഗത്തില്‍ രണ്ടര മണിക്കൂറോളം മരട് വിഷയം ചര്‍ച്ച ചെയ്തു. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കരുതെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയര്‍ന്നത്. സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രമേയം.

എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഇന്ന് നഗരസഭക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിന് വിവിധ ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ ആരംഭിച്ചു കഴിഞ്ഞു.