LiveTV

Live

Kerala

അത് കുട്ടിക്കടത്തായിരുന്നില്ലത്രെ; ആ കള്ളങ്ങള്‍ക്ക് ഇനി മാപ്പ് പറയാന്‍ തയ്യാറുണ്ടോ ?

‘നമ്മുടെ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പേടിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ച ഈ സംഭവങ്ങളുടെ നിജസ്ഥിതി എന്തായിരുന്നു’

അത് കുട്ടിക്കടത്തായിരുന്നില്ലത്രെ; ആ കള്ളങ്ങള്‍ക്ക് ഇനി മാപ്പ് പറയാന്‍ തയ്യാറുണ്ടോ ?

ഒരിക്കൽ കേരള മാധ്യമങ്ങൾ ആഘോഷിച്ച വാർത്തയായിരുന്നു കേരളത്തിലേക്കുള്ള കുട്ടിക്കടത്ത്. ഇപ്പോൾ ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകിയത് കുട്ടിക്കടത്ത് ചർച്ചയെ വീണ്ടും ഉയർത്തികൊണ്ട് വരികയുണ്ടായി. എന്നാൽ അന്ന് നടന്ന ശബ്ദകോലാഹങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് അധ്യാപകനായ അഷ്റഫ് കടക്കൽ.

അത് കുട്ടിക്കടത്തായിരുന്നില്ലത്രെ; ആ കള്ളങ്ങള്‍ക്ക് ഇനി മാപ്പ് പറയാന്‍ തയ്യാറുണ്ടോ ?

കുട്ടിക്കടത്ത് എന്ന പേരിൽ പ്രചരിച്ച കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, ബിഹാറിൽ നിന്നും കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികൾ എത്തിയത് വിദ്യഭ്യാസത്തിനായി, രക്ഷിതാക്കളുടെ സമ്മതത്തോടെയാണെന്നുമാണ് ബിഹാർ സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ അന്ന് എക്സ്ക്ലൂസീവുകൾക്കായി സംഭവത്തെ ഊതി പെരുപ്പിച്ച്, യത്തീംഖാന അധികൃതരെയും ഒരു സമൂഹത്തെ മൊത്തമായും പ്രതിസ്ഥാനത്ത് നിർത്തുകയായിരുന്നു മാധ്യമങ്ങളുൾപ്പടെയുള്ള പൊതുസമൂഹം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അഞ്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തെ പിടിച്ച് കുലുക്കിയ സംഭവമാണ് കുട്ടിക്കടത്ത് വിവാദം. ബീഹാർ, ഝാർഖണ്ഡ്, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ യതീംഖാനകളിലേക്ക് അനധികൃത കുട്ടിക്കടത്ത് നടക്കുന്നു എന്നതായിരുന്നു കേസ്. മലബാറിലെ പല പ്രമുഖ ഓർഫനേജ് ഭാരവാഹികളെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അകത്താക്കി. ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കുട്ടികളെ മതിയായ രേഖകളില്ല എന്ന കാരണം പറഞ്ഞാണ് തടഞ്ഞുവെച്ചതും കേസെടുത്തതും. നമ്മുടെ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പേടിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ച ഈ സംഭവങ്ങളുടെ നിജസ്ഥിതി എന്തായിരുന്നു.

മലബാർ കലാപത്തെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനാണ് കേരളത്തിൽ യതീംഖാനകൾ വ്യവസ്ഥാപിതമായി നിലവിൽ വരുന്നത്. അനാഥസംരക്ഷണം ഒരു പുണ്യ പ്രവർത്തിയാണെന്നും യതീമുകളായ കുട്ടികളുടെ സാന്നിധ്യത്തിൽ സ്വന്തം കുട്ടികളെ തലോടുന്നത് പോലും വിലക്കിയ പ്രവാചക കല്പനയുടെ പ്രാധാന്യം മനസ്സിലാക്കിയും ഓർഫനേജുകളെ അകമഴിഞ്ഞ് സഹായിക്കുന്ന ഒരു സമീപനം മുസ്ലിംകൾക്കിടയിൽ വ്യാപകമായി.കാലം കഴിഞ്ഞു, ഗൾഫുകുടിയേറ്റം സമ്മാനിച്ച സാമ്പത്തിക സുരക്ഷിതത്വം കേരളത്തിലെ അനാഥാലയങ്ങളുടെ ആവശ്യം കുറച്ചു; ഇത്തരം സ്ഥാപനങ്ങളിൽ അനാഥർക്ക് പുറമെ ദരിദ്ര കുട്ടികൾക്കും പ്രവേശനം നല്കിയിട്ടും നിലവിലുള്ള സംവിധാനങ്ങൾ വേണ്ടവണ്ണം ഉപയോഗപ്പെടുത്താനുള്ള കുട്ടികളില്ലാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് ഉത്തരദേശത്തെ ദരിദ്ര ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഈ സേവനം ലഭ്യമാക്കുക എന്ന ആശയം ജനിച്ചത്. ഒരു കമ്പിളിപ്പുതപ്പ് സ്വന്തമായില്ലാത്തത് കൊണ്ട് അതിശൈത്യത്തിൽ മരവിച്ച് മരിച്ച് പോകുന്ന ജീവിതങ്ങളാണ് ബീമാരു സംസ്ഥാനങ്ങളിലുള്ളത്. ഉടുതുണിക്ക് മറുതുണിയില്ല, കീറച്ചാക്ക് കൊണ്ട് മറച്ചുണ്ടാക്കിയ ചെററപ്പുരയിൽ പോത്തും ഏരുമയും കുഞ്ഞു കുട്ടികളുമെല്ലാം ചേർന്ന് ചാണകവും മൂത്രവും ചേർന്നുണ്ടായ ചെളിക്കുണ്ടിൽ കഴിഞ്ഞ് കൂടുന്ന അവസ്ഥ ഹൃദയഭേദകമാണ്. ആൺ പെൺകുട്ടികളിലധികവും മേലുടുപ്പില്ലാത്തവരാണ്. ഗ്രാമങ്ങളിൽ നിന്ന് കിലോമീറ്റർ താണ്ടിപ്പോയാൽ വല്ലപ്പോഴും മാത്രം അധ്യാപകരെത്തുന്ന വിദ്യാലയങ്ങളിലാവും ഈ കുട്ടികളുടെ പേരിന് മാത്രമുള്ള വിദ്യാഭ്യാസം നടക്കുന്നത്. ഇങ്ങനെയുള്ള ഗാവുകളിൽ നിന്നാണ് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വന്ന് സംരക്ഷണവും വിദ്യാഭ്യാസവും നൽകിയിരുന്നത്. ഇതിന് നേതൃത്വം കൊടുത്തവരെയാണ് കൊടും കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്തതും.
കേസും നടപടികളും ശക്തമായപ്പോൾ ഈ കുട്ടികളിൽ ഭൂരിപക്ഷത്തിനെയും അവരുടെ കൊടിയ ദാരിദ്യത്തിലേക്കും കഷ്ടപ്പാടുകളിലേക്കും തിരിച്ചയച്ചു കൊണ്ട് നമ്മുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ഈ തിരിച്ചയക്കപ്പെട്ട ദുരന്ത ബാല്യങ്ങളിലേക്ക്, അവരുടെ ജീവിതങ്ങളിലേക്ക് നമ്മുടെ ക്യാമറകൾ കണ്ണു തുറന്നില്ല, ന്യൂസ് റൂമുകൾ കലപില കൂട്ടിയില്ല, ചൈൽഡ് ലൈന്റെ ജാഗ്രത അശേഷം കണ്ടില്ല. രക്ഷപ്പെടുമായിരുന്ന കുറെ അനാഥബാല്യങ്ങളെ വീണ്ടും ദുരന്ത കുണ്ടുകളിലേക്ക് എറിഞ്ഞിട്ട് നാം ശിശുക്ഷേമ പ്രവർത്തകരായും, നിയമ പാലകരായും ബാലാവകാശ പ്രവർത്തകരായും ഇവിടെ ഞെളിഞ്ഞ് നടക്കുന്നുണ്ട്.