LiveTV

Live

Kerala

സ്വകാര്യ ഏജന്‍സി വഴി ഉംറക്ക് പോകാനെത്തിയ 200ഓളം പേരുടെ യാത്ര മുടങ്ങി; പ്രതിഷേധവുമായി തീര്‍ഥാടകര്‍

രണ്ട് ദിവസത്തിനകം തീര്‍ഥാടകരെ സൌദിയിലെത്തിക്കുമെന്ന് ഏജന്‍സി ഉറപ്പ് നല്‍കിയതോടെ തീര്‍ഥാടകര്‍ മടങ്ങിപ്പോയി.

സ്വകാര്യ ഏജന്‍സി വഴി ഉംറക്ക് പോകാനെത്തിയ 200ഓളം പേരുടെ യാത്ര മുടങ്ങി; പ്രതിഷേധവുമായി തീര്‍ഥാടകര്‍

ഇരുനൂറോളം ഉംറ തീർഥാടകർ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പെരുമ്പാവൂരിലെ സ്വകാര്യ ഏജൻസി വഴി ഉംറക്ക് പോകാനെത്തിയവരാണ് ഇന്നലെ രാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്. രണ്ട് ദിവസത്തിനകം തീര്‍ഥാടകരെ സൌദിയിലെത്തിക്കുമെന്ന് ഏജന്‍സി ഉറപ്പ് നല്‍കിയതോടെ തീര്‍ഥാടകര്‍ മടങ്ങിപ്പോയി.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ തീർഥാടനത്തിന് പോകാനായി 200ഓളം പേർ ഇന്നലെ രാത്രി 8 മണിയോടെയാണ് എത്തിയത്. പെരുമ്പാവൂരിലുള്ള സ്വകാര്യ ഏജൻസി വഴി പോകാനെത്തിയവരായിരുന്നു. രാത്രി ഇവർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പോകാൻ കഴിയില്ലെന്നറിഞ്ഞത്. ഏജൻസി പറഞ്ഞിരുന്ന വിമാന സർവ്വിസുണ്ടായിരുന്നില്ല. ഇതോടെ തീർത്ഥാടകർ വലിയ പ്രതിഷേധമാണുയർത്തിയത്. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം കൊണ്ടുപോയി അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. തീർഥാടകരിൽ ചിലർ ഇതിന് വഴങ്ങിയില്ല. ഇവർ എജൻസിയിൽപ്പെട്ടവരെ രാത്രി വൈകിയും വിമാനത്താവളത്തിൽ തടഞ്ഞുവച്ചു.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. രണ്ട് ദിവസത്തിനകം തീർത്ഥാടകരെ സൗദിയിലെത്തിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് എയർപോർട്ടിലെത്തിയവർ മടങ്ങിയത്. സംഭവത്തിൽ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.