LiveTV

Live

Kerala

പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം

ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് പ്രചാരണ വേദികളില്‍ ജോസഫിനെ കൊണ്ടുവരാനാണ് ശ്രമങ്ങള്‍‍ നടക്കുന്നത്.

പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം

പി.ജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമം. ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് പ്രചാരണ വേദികളില്‍ ജോസഫിനെ കൊണ്ടുവരാനാണ് ശ്രമങ്ങള്‍‍ നടക്കുന്നത്.

എന്തായാലും ഒറ്റയ്ക്ക് പ്രചാരണം നടത്താന്‍ പി.ജെ ജോസഫിനെ അനുവദിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് നേതൃത്വത്തിലെ ധാരണ. ഒറ്റയ്ക്ക് പ്രചാരണത്തിന് ജോസഫ് വിഭാഗം ഇറങ്ങി പുറപ്പെട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് യു.ഡി.എഫിന് അറിയാം. ഈ സാഹചര്യത്തിലാണ് കണ്‍വെന്‍ഷനില്‍ അപമാനിക്കപ്പെട്ടതില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയടക്കമുള്ളവര്‍ പി.ജെ ജോസഫിനെ വിളിച്ച് ഖേദ പ്രകടനം നടത്തിയത്.

ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് കളം ഒരുങ്ങിയത്. പി.ജെ ജോസഫ് നിയോഗിച്ച മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരുമായാണ് യു.ഡി.എഫ് നേതാക്കള്‍ ചർച്ച നടത്തുക. വൈകുന്നേരം മൂന്ന് മണിക്ക് കോട്ടയത്ത് നടത്തുന്ന ചര്‍ച്ചയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നിച്ച് പ്രവർത്തിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി പി.ജെ ജോസഫും പ്രതികരിച്ചു.

വിവാദങ്ങളോട് പ്രതികരിക്കാതെ പ്രചാരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ജോസ് കെ മാണിയുടെയും കൂട്ടരുടേയും തീരുമാനം. പി.ജെ ജോസഫ് വിഭാഗത്തോട് ചര്‍ച്ച നടത്തുന്നതിന് പുറമേ ജോസ് കെ മാണിയുമായും കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്.