LiveTV

Live

Kerala

ജോസ് കെ മാണി വിഭാഗം പ്രകോപനം തുടര്‍ന്നാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ജോസഫ് ഗ്രൂപ്പ്

തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗവുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ജെ ജോസഫും പ്രതികരിച്ചു.

ജോസ് കെ മാണി വിഭാഗം പ്രകോപനം തുടര്‍ന്നാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ജോസഫ് ഗ്രൂപ്പ്

പ്രകോപനം തുടര്‍ന്നാല്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്ന മുന്നറിയിപ്പുമായി ജോസഫ് ഗ്രൂപ്പ്. കണ്‍വെന്‍ഷനിലെ കൂവി വിളിയിലും പ്രതിച്ഛായയില്‍ വന്ന പരാമര്‍ശങ്ങളിലും ജോസ് കെ മാണി പക്ഷം ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും വേണം എന്നാണ് ആവശ്യം.

കോണ്‍ഗ്രസ് സമവായത്തിനായി തിരക്കിട്ട നീക്കങ്ങള്‍ നടത്തുമ്പോഴും ഏകപക്ഷീയമായ വിട്ടുവീഴ്ച വേണ്ടതില്ലെന്നാണ് പി.ജെ ജോസഫ് വിഭാഗത്തിലെ ധാരണ. നോമിനേഷന്‍ പ്രക്രിയ അവസാനിച്ച ശേഷം ക്ഷണം സ്വീകരിച്ചാണ് പി.ജെ ജോസഫ് യു.ഡി.എഫ് കണ്‍വെന്‍ഷനിലെത്തിയത്. എന്നാല്‍ ആസൂത്രിതമായി ജോസ് കെ മാണി പക്ഷം കൂവി അപമാനിച്ചു. ഇതും പോരാഞ്ഞിട്ട് പ്രതിച്ഛായയിലൂടെയും അപമാനിക്കല്‍ തുടര്‍ന്നു. ലേഖനം മാധ്യമങ്ങള്‍ക്ക് കൈമാറി ജോസഫിനെതിരായ പരാമര്‍ശങ്ങള്‍ മനപൂര്‍വ്വം ജോസ് കെ മാണി വിഭാഗം വാര്‍ത്തയാക്കിയെന്നുമാണ് ജോസഫ് വിഭാഗം കരുതുന്നത്. അതുകൊണ്ടാണ് ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ കടുത്ത നിലപാട് തുടരുമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നത്.

ജോസ് കെ മാണി പക്ഷം പരസ്യമായി മാപ്പ് പറയുകയെന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും പി.ജെ ജോസഫ് വിഭാഗം വഴങ്ങില്ലെന്നാണ് നേതാക്കളുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്.

അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജോസ് കെ മാണി പ്രതികരിച്ചു.