LiveTV

Live

Kerala

ജോസ് വിഭാഗവുമായി ഒരുമിച്ച് പ്രചാരണത്തിനില്ലെന്ന് പി.ജെ ജോസഫ്; അനുനയിപ്പിക്കാന്‍ യു.ഡി.എഫില്‍ തീവ്രശ്രമം

അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയാല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മോന്‍സ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

ജോസ് വിഭാഗവുമായി ഒരുമിച്ച് പ്രചാരണത്തിനില്ലെന്ന് പി.ജെ ജോസഫ്; അനുനയിപ്പിക്കാന്‍ യു.ഡി.എഫില്‍ തീവ്രശ്രമം

തെരഞ്ഞെടുപ്പ് പ്രചാരണം ഒറ്റയ്ക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫില്‍ തീവ്രശ്രമം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് അനുനയശ്രമങ്ങള്‍. അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജോസ് കെ മാണി പക്ഷം തല്‍ക്കാലം ഇനി പി.ജെ ജോസഫിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

അതിനിടെ പി.ജെ ജോസഫിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച് സി.പി.എമ്മും കരുക്കള്‍ നീക്കി തുടങ്ങി. പി.ജെ ജോസഫും കൂട്ടരും ഒറ്റയ്ക്ക് പ്രചാരണം നടത്തിയാല്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് യു.ഡി.എഫിന് അറിയാം. ഈ സാഹചര്യത്തിലാണ് ഏത് വിധേനെയും ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍. ഒന്നിച്ച് പോകാനുള്ള സാഹചര്യം ജോസ് കെ മാണി പക്ഷം ഇല്ലാതാക്കിയെന്ന വികാരം യു.ഡി.എഫ് നേതാക്കളെ അറിയിച്ചെങ്കിലും നേതാക്കളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയ്ക്ക് വഴങ്ങി മോന്‍സ് ജോസഫിനെയും ജോയ് എബ്രഹാമിനെയും പി.ജെ ജോസഫ് ചര്‍ച്ചയ്ക്ക് നിയോഗിച്ചു.

പി.ജെ ജോസഫ് കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് കാര്യങ്ങളെ തണുപ്പിക്കാന്‍ ജോസ് കെ മാണി പക്ഷവും ശ്രമം തുടങ്ങി.അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ജോസഫിനെ യു.ഡി.എഫില്‍ നിന്നും പുറത്ത് ചാടിക്കാനാകുമോയെന്നാണ് എല്‍.ഡി.എഫ് നേതാക്കളുടെ ആലോചന.