LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

ഫ്ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് കത്തില്‍‌ ആവശ്യപ്പെട്ടിട്ടുണ്ട്

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

സുപ്രീംകോടതി ഉത്തരവ് പ്രകാരം എറണാകുളം മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കത്തയച്ചു. ഫ്ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് കത്തില്‍‌ ആവശ്യപ്പെട്ടിട്ടുണ്ട്.

തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ‌അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഈ മാസം ഇരുപതാം തീയ്യതിക്ക് മുമ്പ് പൊളിച്ച് നീക്കണമെന്നായിരുന്നു സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. ഫ്ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ജില്ലാകലക്ടര്‍ക്കും മരട് നഗരസഭക്കും അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചിരിക്കുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങള്‍ സുരക്ഷിതമായ പൊളിച്ച് നീക്കാന്‍ ടെണ്ടര്‍ ക്ഷണിക്കണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നഗരസഭക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് എട്ടിനാണ് ഫ്ലാറ്റ് സമുച്ചയങ്ങല്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഫ്ലാറ്റ് ഉടമകളുടെയും നിര്‍മാതാക്കളുടെയും പുനപരിശോധാന ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു.