LiveTV

Live

Kerala

കൊട്ടാക്കമ്പൂർ ഭൂമി ഇടപാട്; ജോയിസ് ജോർജിന്റെ പേരിലുള്ള പട്ടയം റദ്ദാക്കി

സബ്കളക്ടറുടെ നടപടിയില്‍ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയമുണ്ടെന്ന് ജോയ്സ് ജോര്‍ജ് മീഡിയ വണിനോട് പ്രതികരിച്ചു

കൊട്ടാക്കമ്പൂർ ഭൂമി ഇടപാട്; ജോയിസ് ജോർജിന്റെ പേരിലുള്ള പട്ടയം റദ്ദാക്കി

കൊട്ടാക്കമ്പുര്‍ ഭൂമി ഇടപാടില്‍ മുന്‍ എം.പി ജോയിസ് ജോര്‍ജിന് തിരിച്ചടി. ജോയിസ് ജോര്‍ജ്ജിന്‍റെയും ബന്ധുക്കളുടേയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടര്‍ റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

കാലങ്ങളായി നിലനില്‍ക്കുന്ന കൊട്ടാക്കമ്പുര്‍ ഭൂമി വിവാദക്കേസില്‍ മുന്‍ എം. പി ജോയിസ് ജോര്‍ജ്ജിനും കുടുംബത്തിനും തിരിച്ചടിയാകുന്ന നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് നിരവധി തവണ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകന്‍ മുഖേനയാണ് ജോയിസ് രേഖകള്‍ സമര്‍പ്പിച്ചത്. ജോയിസ് ജോര്‍ജ്ജിന്റേയും മറ്റ് ബന്ധുക്കളുടേയും പേരിലുള്ള ബ്ലോക്ക് നമ്പര്‍ 58യിലെ 120,121, 116, 118, 115 എന്നീ അഞ്ച് തണ്ടേപ്പേര്‍ നമ്പരുകള്‍ റദ്ദ് ചെയ്താണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് ഉത്തരവിറക്കിയിരിക്കുന്നത്.

ഉത്തരവിറങ്ങിയതോടെ ഇനി വസ്തു കൈമാറ്റം ചെയ്താലും പോക്കുവരവ് ചെയ്യുന്നതിനോ കരമടയ്ക്കുന്നതിനേ സാധിക്കില്ല. മൂന്ന് തവണ നേരിട്ട് ഹാജരാകുന്നതിന് നോട്ടാസ് നല്‍കിയിട്ടും ജോയിസ് ജോര്‍ജ്ജ് ഹാജരായിരുന്നില്ല. ഭൂമിക്ക് പട്ടയം നല്‍കിയ കാലയളവില്‍ പതിവ് അപേക്ഷകള്‍ പാസാക്കുന്നതിന് പതിവ് കമ്മറ്റി ചേര്‍ന്നിട്ടില്ല. 1970 കാലയളവിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ റീ സര്‍വ്വേ ഫെയര്‍ ഫീല്‍ഡ് രജിസ്റ്ററില്‍ ഈ ഭൂമി തരിശായി കിടക്കുന്നതും സര്‍ക്കാര്‍ കൈവശക്കാരനായിട്ടുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തമായ റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ തണ്ടപ്പേര്‍ നമ്പര്‍ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്. ഭൂമി സര്‍ക്കാര്‍ അധീനതയിലെടുത്ത് രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് തഹസില്‍ദാരെ ചമുതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

സബ്കളക്ടറുടെ നടപടിയില്‍ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയമുണ്ടെന്ന് ജോയ്സ് ജോര്‍ജ് മീഡിയ വണിനോട് പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും. ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ ഈ ഉത്തരവ് എങ്ങനെ പാസാക്കിയെന്ന് അറിയില്ലയെന്നും ജോയ്സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. താന്‍ വ്യാജരേഖ നിര്‍മ്മിച്ചിട്ടില്ലെന്നും ജോയ്സ് ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.