LiveTV

Live

Kerala

കേരളത്തില്‍ നിന്നും സ്ത്രീ ജോലിക്കാരെ നിയമവിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു

സന്ദര്‍ശക വിസയില്‍ എത്തിക്കുന്ന സ്ത്രീകളെ വന്‍തുക കൈപറ്റി മലയാളി ഏജന്റുമാര്‍ അറബികള്‍ക്ക് വീട്ടുജോലിക്കായി കൈമാറുകയാണെന്നാണ് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.

കേരളത്തില്‍ നിന്നും സ്ത്രീ ജോലിക്കാരെ നിയമവിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു

ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു. സന്ദര്‍ശക വിസയില്‍ എത്തിക്കുന്ന സ്ത്രീകളെ വന്‍തുക കൈപറ്റി മലയാളി ഏജന്റുമാര്‍ അറബികള്‍ക്ക് വീട്ടുജോലിക്കായി കൈമാറുകയാണെന്നാണ് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.

10,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ ഏജന്റുമാര്‍ കൈപറ്റുന്നതായി യുവതികള്‍ മീഡിയവണിനോട് പറഞ്ഞു. ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് മലയാളി യുവതികള്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അരികില്‍ അഭയം തേടി. ഇവരുടെ പാസ്പോര്‍ട്ടുകള്‍ ഏജന്റുമാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള യുവതികളാണ് ഏജന്റുമാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ മുന്നിലെത്തിയത്. നിരവധി പേര് ഇപ്പോഴും അവരുടെ പിടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

പാലക്കാട് സ്വദേശി രത്നമ്മ, കോഴിക്കോട്ടുകാരന്‍ കുട്ടി എന്നീ ഏജന്റുമാരുള്‍പ്പെട്ട അജ്മാനിലെ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് മനുഷ്യകടത്തിന് പിന്നില്‍. സന്ദര്‍ശക വിസയുടെ കാലാവധി പിന്നിട്ട യുവതികള്‍ അനധികൃത താമസത്തിന് വന്‍തുക പിഴ കൂടി അടക്കേണ്ട അവസ്ഥയിലാണ്. ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കാരെ ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ ശക്തമായ നിയന്ത്രണം നിലനില്‍ക്കെയാണ് സന്ദര്‍ശക വിസയില്‍ ഈ മനുഷ്യകടത്ത്.