LiveTV

Live

Kerala

ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ

ജോസഫ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൊണ്ടുപോയ രേഖകൾ കാണാനില്ലെന്നും പണം നൽകാമെന്ന് പറഞ്ഞ് ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു

ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ

കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ. ജോസഫ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കൊണ്ടുപോയ രേഖകൾ കാണാനില്ലെന്നും പണം നൽകാമെന്ന് പറഞ്ഞ് ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

ജോസഫിന്റെ മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടിയാണ് ഇത് കൊലപാതകമാണെന്ന ആരോപണം കുടുംബം ഉയർത്തുന്നത്. മൃതദേഹം കണ്ടെത്തിയ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ തലേന്ന് രാത്രി തിരച്ചിൽ നടത്തിയിരുന്നു.എന്നാൽ ആ സമയത്ത് ഇവിടെ മൃതദേഹം ഉണ്ടായിരുന്നില്ല. മാത്രമല്ല, രണ്ട് കൈകളിലെയും കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലേന്ന് വീട്ടിൽ നിന്ന് പോകുമ്പോൾ ജോസഫിന്റെ കയ്യിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ നഷ്ടപ്പെട്ടതായും കുടുംബം പറയുന്നു.

സ്ഥലത്തെ ചില കോൺഗ്രസ് നേതാക്കളാണ് പണം നൽകാനുള്ളതെന്നും എന്നാൽ ഇവർ പലവട്ടം അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് രണ്ടംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും സംഭവത്തിൽ ഏതെങ്കിലും നേതാക്കൾക്ക് പങ്കുണ്ടന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ഡി. സി.സി പ്രസിഡന്റ് പറഞ്ഞു