LiveTV

Live

Kerala

വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളേജിനെ വെള്ള പൂശി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളജില്‍ മതിയായ ഡോക്ടര്‍മാരോ രോഗികളോഇല്ലെങ്കിലും അടിസ്ഥാന സൌകര്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു

 വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളേജിനെ വെള്ള പൂശി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്

വ്യാജരോഗികളെ ഇറക്കിയതിലൂടെ വിവാദത്തിലായ വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളജിനെ വെള്ള പൂശി ആരോഗ്യ സര്‍വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. വ്യാജരോഗികളെ ഇറക്കിയാതായി നിരവധി തെളിവുകള്‍ ഹാജരാക്കിയെങ്കിലും റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല. മതിയായ ഡോക്ടര്‍മാരോ, രോഗികളോ കോളേജില്‍ ഇല്ലെന്നും എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല.

ആരോഗ്യവകുപ്പിന് സര്‍വകലാശാല വിദ്ഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് പക്ഷെ കോളജിന് അനുകൂലമെന്ന് പറയേണ്ടിവരും. ഡോക്ടര്‍മാരുടെ കുറവുണ്ട് ,രോഗികളുടെ കുറവുണ്ട് എന്നാല്‍ ബെഡുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. വ്യാജരോഗികളെ ഇറക്കിയത് സംബന്ധിച്ച നിരവധി തെളിവുകള്‍ വിദ്യാര്‍ഥികള്‍ ഹാജരാക്കുകയും മാധ്യമങ്ങളില്‍ വരികയും ചെയ്തെങ്കിലും അതൊന്നും റിപ്പോര്‍ട്ടിന്റെ ഭാഗമായില്ല. പരിശോധന ദിവസം അവിടെ കണ്ട രോഗികളെ യഥാര്‍ഥ രോഗികളാണെന്ന രീതിയിലാണ് സമിതി രേഖപ്പെടുത്തിയത്.

പഠനാന്തരീക്ഷം ഇല്ലെന്ന വിവരങ്ങള്‍ മുന്നില്‍ വന്നെങ്കിലും ഇത് സംബന്ധിച്ച കൃത്യമായ നിരീക്ഷണങ്ങളില്ല. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളജിലേക്ക് മാറാന്‍ കഴിയുന്ന തരത്തിലുള്ള ഒരു നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നില്ല. കോടതിയും സര്‍ക്കാരും ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന തരത്തിലാണ് റിപ്പോര്‍ട്ട്. എസ്.ആര്‍ കോളേജ് ഒത്താശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ആരോഗ്യ സര്‍വകലാശാലയുടേതെന്ന് കെ.എസ്.യു പ്രതികരിച്ചു.

എസ്.ആര്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന റിപ്പോര്‍ട്ട് ആയതിനാല്‍ ഈ റിപ്പോര്‍ട്ടിന് നിര്‍ണായകത്വമുണ്ട്. പഠിപ്പിക്കാന്‍ ഡോക്ടര്‍മാരോ പരിശോധിക്കാന്‍ രോഗികളോ ഇല്ലാതെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എങ്ങനെ പഠിക്കുമെന്നാണ് ആരോഗ്യസര്‍വകലാശ കരുതുന്നത്.

Also read: വാടകക്ക് രോഗികളെ ഇറക്കിയ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ പഠന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം  

Also read: വാടക രോഗികളെ ഇറക്കി വീണ്ടും എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ തട്ടിപ്പ്