LiveTV

Live

Kerala

പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

ഇത് കൂടാതെ‍ രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കും അഞ്ചു വര്‍ഷത്തേക്ക് അനുമതി നല്‍കി

പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

രണ്ടാം പ്രളയത്തിനിടയിലും പുതിയ ക്വാറികള്‍ക്ക് പച്ചക്കൊടി കാട്ടി സര്‍ക്കാര്‍. സംസ്ഥാനം പ്രളയക്കെടുതിയിലായിരുന്ന ആഗസ്റ്റ് മാസത്തില്‍ അഞ്ച് പുതിയ ക്വാറികള്‍ക്ക് കൂടി പാരിസ്ഥിതിക അനുമതി നല്‍കി. ഇതില്‍ നാലെണ്ണവും പ്രളയക്കെടുതി രൂക്ഷമായ മലപ്പുറം ജില്ലയില്‍ തന്നെ. ‌

മൂന്ന് കരിങ്കല്‍ ക്വാറികള്‍ക്കും രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കുമാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ കമ്മിറ്റി പുതുതായി അനുമതി നല്‍കിയത്. കരിങ്കല്‍ ക്വാറികളില്‍ രണ്ടെണ്ണം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലും മറ്റൊന്ന് മേല്‍മുറി വില്ലേജിലും. ചെങ്കല്‍ ക്വാറികള്‍ ഏറനാട് താലൂക്കിലെ നറുകരയിലും കോട്ടയം മീനച്ചില്‍ താലൂക്കൂലെ കൊണ്ടൂരിലും. അഞ്ചു കൊല്ലത്തേക്കാണ് പാരിസ്ഥിതിക അനുമതി. കൂടാതെ ഒരു ക്വാറിക്ക് രണ്ട് കൊല്ലത്തേക്ക് അനുമതി നീട്ടി നല്‍കുകയും ചെയ്തു. തീരുമാനങ്ങളെല്ലാം കൈക്കൊണ്ടത് ആഗസ്ത് 20ന്. അതായത് കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ മനുഷ്യര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്ന അതേ ദിവസങ്ങളില്‍. ജൂലൈ 29ലെ വിദഗ്ധ സമിതി ശിപാര്‍ശ അപ്പടി അംഗീകരിക്കുകയാണ് അതോറിറ്റി ചെയ്തത്. കുറ്റം പറയരുത്, അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ തന്നെ സമീപകാലത്തെ മണ്ണിടിച്ചിലുകള്‍ എടുത്തുപറയുകയും പാറ പൊട്ടിക്കാന്‍ നോണ്‍ ഇലക്ട്രിക്കല്‍ രീതികള്‍ ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു.

ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും പുതിയ നിര്‍മാണരീതികള്‍ സംബന്ധിച്ച് ഗൌരവമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് യഥേഷ്ടം പുതിയ ക്വാറികളും അനുവദിക്കുന്ന ഇരട്ടത്താപ്പ്.