LiveTV

Live

Kerala

പി.എസ്.സി തട്ടിപ്പ് പ്രതികള്‍ കീഴടങ്ങി

പൊലീസ് അറസ്റ്റ് ഒഴിവാക്കാന്‍ ഇരുവരും കോടിതിയിലേക്ക് ഓടിക്കയറുകയായിരിന്നു.

പി.എസ്.സി തട്ടിപ്പ് പ്രതികള്‍ കീഴടങ്ങി

പി.എസ്‍.സി പരീക്ഷാ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. പ്രണവിനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രതീക്ഷ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രണവ് പി.എസ്‍.സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. നേരത്തെ പിടിയിലായ ശിവരഞ്ചിത്തും, നസീമും, ഗോകുലമെല്ലാം ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയനുസരിച്ച് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകന്‍ പ്രണവാണ്.

പരീക്ഷ എഴുതിയവര്‍ക്ക് മൈബൈല്‍ വഴി സന്ദേശമയച്ച സഫീറിനും പരീക്ഷക്രമക്കേടില്‍ നിര്‍ണ്ണായകപങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. കേസിലെ അഞ്ചാം പ്രതിയും എസ്.പി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുല്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ പ്രണവും, സഫീറും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴങ്ങിയത്.

പൊലീസ് അറസ്റ്റ് ഒഴിവാക്കാന്‍ ഇരുവരും കോടിതിയിലേക്ക് ഓടിക്കയറുകയായിരിന്നു. ഇരുപതാം തീയതി വരെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഇരുവരേയും കസ്റ്റ‍ഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എങ്ങനെ, ആരൊക്കെ സഹായിച്ചു, നേരത്തെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ പ്രണവിനെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പ്രണവിനെ നേരത്തെ പി.എസ്‍.സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോകുകയായിരുന്നു.