LiveTV

Live

Kerala

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സമരം തുടരുമെന്ന് തൊഴിലാളികള്‍

കഴിഞ്ഞ 9 മാസത്തോളമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം.

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സമരം തുടരുമെന്ന് തൊഴിലാളികള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സമരം തുടരുമെന്ന് തൊഴിലാളികള്‍. കഴിഞ്ഞ 9 മാസത്തോളമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്ലിലെ ഭെലിന്‍റെ കയ്യിലുള്ള ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് കാലങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളുന്നയിച്ച ആവശ്യം കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ 9 മാസത്തോളമായി കൃത്യമായി ശമ്പളം ലഭിക്കാത്ത സ്ഥാപനത്തിലെ തൊഴിലാളികള്‍ മാസങ്ങളായി സമരത്തിലാണ്. സമരം തുടരുമെന്നും സ്ഥാപനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് മുടങ്ങിയ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭെല്‍ അധികൃതര്‍ തയ്യാറാകണമെന്നുമാണ് സമരം തുടരുന്ന തൊഴിലാളികളുടെ ആവശ്യം. ഭെല്ലിന്‍റെ നിയന്ത്രണത്തില്‍ വന്ന വീഴ്ചയാണ് സ്ഥാപനം തകര്‍ച്ച നേരിടാന്‍ കാരണമെന്നും തൊഴിലാളികള്‍ പറയുന്നു.

സ്ഥാപനത്തിന് ഇപ്പോള്‍ 40 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്കുകള്‍. സ്ഥാപനം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിലവിലുള്ള ബാധ്യതയടക്കമുള്ള കാര്യങ്ങളില്‍ ഭെല്‍ അധികൃതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ പൂര്‍ണമായും സ്ഥാപനം ഏറ്റെടുക്കുക. നിലവില്‍ സ്ഥാപനത്തില്‍ 51 ശതമാനം ഓഹരി ഭെലിനും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയാണുള്ളത്.