LiveTV

Live

Kerala

സകരിയയുടെ പരോള്‍ അപേക്ഷ തള്ളി; പക്ഷാഘാതം വന്ന മാതാവിനെ കാണാനാവില്ല

സകരിയയുടെ പരോള്‍ അപേക്ഷ തള്ളി; പക്ഷാഘാതം വന്ന മാതാവിനെ കാണാനാവില്ല

ബെംഗളൂരു സ്ഫോടന കേസിൽ പ്രതിചേര്‍ക്കപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ പരോള്‍ അപേക്ഷ കോടതി തള്ളി. അസുഖബാധിതയായ മാതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് വിചാരണ കോടതി തള്ളിയത്. അഞ്ചു ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് സകരിയയുടെ അഭിഭാഷകന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസായതിനാല്‍ തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് കോടതി പരോള്‍ ആവശ്യം നിരസിച്ചത്. ഗുരുതരാവസ്ഥയിലുള്ള മാതാവിനെ കാണാനുള്ള അവസരം മനുഷ്യത്വത്തിന്റെ പേരിലെങ്കിലും
നൽകണമെന്നും വിചാരണക്ക് ഒരു തടസവും വരാതെ അവധി ദിവസങ്ങളായ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ മൂന്ന് ദിവസം അനുവദിച്ചാൽ മതിയെന്നും സകരിയയുടെ വക്കീൽ ആവശ്യപ്പെട്ടങ്കിലും പ്രോസിക്യൂഷൻ മൗനം പാലിച്ചു. പരോള്‍ അപേക്ഷ വ്യാഴാഴ്ച്ചത്തേക്കു വിധി പറയാന്‍ മാറ്റിവെച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജഡ്ജി തള്ളുകയായിരുന്നു.

സകരിയ; നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍
Also Read

സകരിയ; നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍

സകരിയയുടെ മാതാവ് ബീയ്യുമ്മ പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സകരിയയുടെ ജയില്‍വാസവും മറ്റൊരു മകന്റെ പെട്ടെന്നുള്ള മരണവുമാണ് ബിയ്യുമ്മയെ തളര്‍ത്തിയത്.

2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സകരിയയെ തിരൂരിൽ അദ്ദേഹം ജോലി ചെയ്യുന്ന മൊബൈൽ കടയിൽ നിന്നും കർണാടക പൊലീസ് പിടിച്ചുക്കൊണ്ടുപോകുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു പൊലീസ് സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഇതിനിടയില്‍ സകരിയക്കെതിരെ പൊലീസ് പറഞ്ഞ രണ്ട് സാക്ഷികളും വ്യാജമാണെന്ന് സാക്ഷികള്‍ തന്നെ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പക്ഷെ വിചാരണ കോടതി ആ വാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല. കേസിലെ ആദ്യ സാക്ഷി നിസാമുദ്ദീന്‍ എന്ന യുവാവാണ്. കര്‍ണ്ണാടക പൊലീസ് കന്നടയിലുള്ള ഒരു സ്‌റ്റേറ്റ്‌മെന്റ് നിസാമുദ്ദീന് നല്‍കുകയും അതില്‍ തന്നോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് നിസാമുദ്ദീന്‍ പറയുന്നു. കന്നട ഭാഷ വശമില്ലാത്തതിനാല്‍ അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്.ഐ ”ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന പ്രസ്താവനയാണ്  എന്ന് പറയുകയായിരുന്നുവെന്ന് നിസാമുദ്ദീന്‍ പറയുന്നു. അങ്ങനെയാണ് നിസാമുദ്ദീന്‍ ഒപ്പിടുന്നതും കേസിലെ ആദ്യ സാക്ഷിയാകുന്നതും. ഇതെല്ലാം തന്നെ നിസാമുദ്ദീന്‍ വെളിപ്പെടുത്തിയെങ്കിലും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല.

കേസില്‍ രണ്ടാം സാക്ഷിയായി കര്‍ണാടക പൊലീസ് അവതരിപ്പിച്ചത് ഹരിദാസ് എന്നയാളെയായിരുന്നു. സകരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഹരിദാസിന്റെ വ്യാജ മൊഴി പൊലീസ് സൃഷ്ടിച്ചതായിരുന്നുവെന്ന് പിന്നീട് ഹരിദാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പൊലീസ് റെക്കോര്‍ഡിലെ  മൊഴി താന്‍ നല്‍കിയതല്ല എന്ന് പറഞ്ഞ ഹരിദാസ് കേസന്വേഷണത്തിനിടയില്‍ തന്നോട് സംസാരിക്കുന്നതിനിടെ ചില പ്രാഥമിക വിവരങ്ങള്‍ കര്‍ണാടക പോലീസ് ചോദിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ തന്നെയാണ്  ജീവിക്കുന്നതെന്ന് എന്നായിരുന്നു അന്ന് പറഞ്ഞതെന്ന് ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ടുതവണയാണ് സകരിയക്ക് ജാമ്യം ലഭിച്ചത്. ആദ്യം തന്റെ സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രണ്ടാമതായി അതേ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായിരുന്നു.

പരോള്‍ അപേക്ഷ നിരസിച്ചതിനെക്കുറിച്ച് പരപ്പനയില്‍ വിചാരണതടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ഫേസ്ബുക്കില്‍ കുറിക്കുന്നതിങ്ങനെ

ആ ഉമ്മായെ കാണേണ്ട !!!
പതിനെട്ട് വയസ്സുള്ള വിദ്യാർത്ഥിയായിരുന്ന തന്റെ പ്രിയ മകനെ കള്ളക്കേസിൽ കുടുക്കി കാരാഗൃഹത്തിലടച്ച കാരണത്താൽ ഒരു പതിറ്റാണ്ടിലേറെയായി മനസ്സുതകർന്നു കഴിയുന്ന ബീയുമ്മ എന്ന പരപ്പനങ്ങാടിക്കാരൻ സക്കരിയയുടെ പ്രിയ ഉമ്മയെപ്പറ്റിയും ആ ഉമ്മ സ്ട്രോക്ക് ബാധിച്ചു കോഴിക്കോട് ആശുപത്രിയിൽ ഐ.സി.യുവിലാണെന്ന കാര്യവും ഈ പേജിലൂടെ ഞാൻ നേരത്തെ അറിയിച്ചിരുന്നത് എന്റെ പ്രിയ സഹോദരങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ?
ഒരു മകന്റെ പെട്ടെന്നുള്ള മരണവും ഇളയ മകന്റെ അകാരണ ജയിൽവാസവും തളർത്തിക്കളഞ്ഞ ആ പ്രിയ മാതാവിനെ ഒരു നോക്കു കാണാൻ 5 ദിവസത്തെ പരോൾ ആവശ്യപ്പെട്ടു കൊണ്ട്‌ സക്കരിയയുടെ അഭിഭാഷകൻ വിചാരണ കോടതിയിൽ കഴിഞ്ഞയാഴ്ച ഒരു പെറ്റീഷൻ സമർപ്പിച്ചിരുന്നു.
"വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാൽ അതിനു തടസമുണ്ടാകത്തക്ക വിധം പരോൾ അനുവദിക്കാൻ കഴിയില്ല"
എന്നു കാരണം പറഞ്ഞു പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.
വളരെ ഗുരുതരാവസ്ഥയിലുള്ള മാതാവിനെ ഒന്നു കാണാനുള്ള അവസരം മനുഷ്യത്വത്തിന്റെ പേരിലെങ്കിലും
നൽകണമെന്നും വിചാരണക്ക് ഒരു തടസവും വരാതെ,അവധി ദിവസങ്ങളായ രണ്ടാം ശനിയും ഞായറും ഉൾപ്പെടെ മൂന്ന് ദിവസം അനുവദിച്ചാൽ മതിയെന്നും സക്കരിയയുടെ വക്കീൽ ആവശ്യപ്പെട്ടപ്പോൾ പ്രോസിക്യൂഷൻ പോലും മൗനം പാലിച്ചു.

ഇന്നത്തേക്ക് വിധി പറയാൻ അപേക്ഷ മാറ്റി വെച്ചപ്പോൾ പാവം സകരിയ്യ ഉൾപ്പടെ എല്ലാവരും കരുതിയത് 3 ദിവസമെങ്കിലും ആ സാധു മാതാവിനോടപ്പം സക്കരിയാക്കു
നിൽക്കാൻ കഴിയുമെന്നായിരുന്നു.
പക്ഷെ,നീതിയുടെ 'നടത്തിപ്പുകാരൻ' ഇന്ന് വളരെ നിസ്സാരമായി പറഞ്ഞു "Rejected..."
വിചാരണ മഹാമഹം കഴിയുമ്പോഴേക്കും നീതിയുടെ സൂര്യൻ ഉദിക്കുമോ അസ്തമിക്കുമോ എന്ന്‌ കാത്തിരുന്നു കാണാം....
സർവശക്തൻ അനുഗ്രഹിക്കട്ടെ!
അവൻ മാത്രമാണ് ആശ്രയം! അവനിലേക്കാണ് മടക്കവും!!!