LiveTV

Live

Kerala

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

പരീക്ഷക്ക് ഒരു മാസം മുന്‍പെ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ ചോദ്യം കടത്തിയ അഞ്ചുപേരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ശിവരഞ്ജിത്തും നസീമും നല്‍കിയ മൊഴിയില്‍ പറഞ്ഞ പകുതിയിലധികം കാര്യങ്ങളും കള്ളമാണെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. പരീക്ഷ നടക്കുന്നതിന് ഒരു മാസം മുമ്പേ സംഘം ഗൂഢാലോചന തുടങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയ അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇതില്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ പ്രതികളുടെ എണ്ണം പത്താവും.

പ്രണവ്, ശിവരഞ്ജിത്ത്, നസീം എന്നിവരുടെ സുഹൃത്തുക്കളാണ് ഇവര്‍. പ്രതികള്‍ പരീക്ഷയ്ക്ക് ഒരുമാസം മുമ്പുതന്നെ ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ വൈകുന്നേരം തന്നെ ക്രൈംബ്രാഞ്ച് സംഘം ആരംഭിച്ചു. പ്രതികളുടെ പേരുവിവരങ്ങള്‍ തത്കാലം ക്രൈം ബ്രാഞ്ച് പുറത്തുവിടില്ല. ഇവരെ പിടികൂടിയ ശേഷമേ ചോദ്യംപേപ്പര്‍ കടത്തലില്‍ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താനാകൂ.. ഇവരുമായി അഞ്ചാം പ്രതി ഗോകുലിന് മുന്‍പരിചയമില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. മാത്രമല്ല, നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ശിവരഞ്ജിത്തും നസീമും പറഞ്ഞ മൊഴിയില്‍ പലതും കള്ളമാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പ്രണവാണെന്നും എങ്ങനെ ചോര്‍ത്തിയെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നുമാണ് നസീമും ശിവരഞ്ജിത്തും ക്രൈബ്രാഞ്ചിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുപേര്‍ക്കും ഗൂഢാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്നും പ്രണവ് ഒളിവില്‍ തുടരുന്നതിനാല്‍ കുറ്റങ്ങള്‍ പ്രണവില്‍ കെട്ടിവെക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ പരീക്ഷകളില്‍ നടത്തിവന്ന കൃത്രിമമാണ് പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ഇവര്‍ക്ക് പ്രചോദനമായത്. ഇവര്‍ മുമ്പും പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്തിയിരുന്നോ എന്നതിലും ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.