LiveTV

Live

Kerala

സീറ്റ് നിഷേധിച്ചവര്‍ക്കുള്ള മധുരപ്രതികാരമായി ജോസഫിന്റെ നീക്കങ്ങള്‍

കൂകിവിളിച്ച ജോസ് കെ. മാണി വിഭാഗം പ്രവർത്തരുടെ വികാരം മനസിലാക്കിയാണ് പി.ജെ ജോസഫ് ഇന്നലെ പ്രതികരിച്ചത്

സീറ്റ് നിഷേധിച്ചവര്‍ക്കുള്ള മധുരപ്രതികാരമായി ജോസഫിന്റെ നീക്കങ്ങള്‍

പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം കൂടി ഇല്ലാതാക്കിയതിലൂടെ സമ്പൂർണ ആധിപത്യമാണ് ജോസഫ് വിഭാഗം നേടിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ വർക്കിംഗ് ചെയർമാന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ട സീറ്റ് നിഷേധിച്ചവർക്കുള്ള മധുര പ്രതികാരം കൂടിയായി പാലാ ഉപതെരഞ്ഞടുപ്പിലെ ഇതുവരെയുള്ള ജോസഫിന്റെ നീക്കങ്ങള്‍.

കൂകിവിളിച്ച ജോസ് കെ. മാണി വിഭാഗം പ്രവർത്തരുടെ വികാരം മനസിലാക്കിയാണ് പി.ജെ ജോസഫ് ഇന്നലെ പ്രതികരിച്ചത്. ഒപ്പം നിലപാടുകളുടെ വിജയത്തിളക്കവും മുഖത്തുണ്ടായിരുന്നു. വർക്കിംഗ് ചെയർമാന്‍ എന്ന നിലയില്‍ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ട പാർട്ടി ടിക്കറ്റ് വെട്ടിയിട്ടും അന്യായമായ നടപടിയെന്ന വാക്കിലൊതുക്കി പി.ജെ ജോസഫ് പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. കെഎം മാണിയുടെ വിയോഗശേഷം പാർട്ടി ചെയർമാന്‍ പദവി നല്കില്ലെന്ന മറുവിഭാഗത്തിന്റെ പിടിവാശിയിലാണ് ജോസഫ് ഇടഞ്ഞുതുടങ്ങിയത്.

തന്റെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് പി.ജെ പാർട്ടി പിടിക്കാന്‍ പടക്കിറങ്ങിയത്. മൂന്നു മിനിറ്റില്‍ കേരളാ കോണ്‍ഗ്രസ് ഒടുവില്‍ പിളർന്നപ്പോള്‍ പദവി തർക്കങ്ങള്‍ കോടതിമുറിയിലെത്തിച്ച് ജോസഫ് ഇതുവരെ വിജയം നേടി. കെ.എം മാണിക്കൊപ്പം ഉണ്ടായിരുന്ന സീനിയർ നേതക്കളെ കൂടെ കൂട്ടിയ തന്ത്രങ്ങളും ഫലിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചയില്‍ സമ്മർദ്ദങ്ങളിലൂടെ നിഷ ജോസ് കെ. മാണിയെ വെട്ടിയതും, ജോസ് ടോമിന് ചിഹ്നം നല്കാതെ നടത്തിയ കടുംവെട്ടും തന്റെ വിജയമാക്കി. വർക്കിംഗ് ചെയർമാനെന്ന് അംഗീകരിച്ച് ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണിക്ക് കത്ത് പോലും നല്‍കേണ്ടി വന്നു. പിജെയുടെ നീക്കങ്ങള്‍ക്ക് യു.ഡി.എഫില്‍ നിന്നുള്ള പിന്തുണ എത്ര എന്നതാണ് ഇനി അറിയേണ്ടത്.