LiveTV

Live

Kerala

പി.എസ്.സി തട്ടിപ്പ്; പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കി ക്രെെം ബ്രാഞ്ച്

‘കേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണം’

പി.എസ്.സി തട്ടിപ്പ്; പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കി ക്രെെം ബ്രാഞ്ച്

പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിയ്ക്കാനൊരുങ്ങി അന്വേഷണ സംഘം. ജയിലിൽ ഇരുവരുടെയും പരീക്ഷ നടത്താൻ കോടതിയോട് അനുമതി തേടി. ജയിലിൽ പ്രതികളെ സന്ദർശിച്ചവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി.

ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ബൗദ്ധിക നിലവാരം അളക്കുന്നതിനായാണ് പരീക്ഷ വീണ്ടും​ നടത്തുന്നത്. ഇതിനായി അന്വേഷണ സംഘം തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതി തേടി. കോടതിയുടെ നിർദ്ദേശ പ്രകാരം പരീക്ഷയുടെ തിയ്യതിയും സമയവും നിശ്ചയിക്കും.

നേരത്തെ പ്രതികളോട് പി.എസ്‌.സി ചോദ്യപേപ്പറില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷാ ക്രമക്കേടിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പൊലീസുകാരൻ പി.എ ഗോകുലിനെ ചോദ്യം ചെയ്തതിൽ നിന്ന് ചിലരു​ടെ വിവരങ്ങൾ ലഭിച്ചു. ഗോകുലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ, സിം എന്നിവയുടെ പരിശോധനാ ഫലം വന്നാൽ പ്രതികളെ കൃത്യമായി തിരിച്ചറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷ എഴുതിയ 879 പേരുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇവർ മുഖേനെയാണ് ചോദ്യ പേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. പ്രണവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ഒരാൾ യൂണിവേഴ്സിറ്റി കോളജിന് മുമ്പിൽ വച്ച് ചോദ്യപ്പേപ്പർ കൈമാറി എന്നാണ് ഗോകുലിന്റെ മൊഴി. കോളജിൽ പരീക്ഷാ നടത്തിപ്പിന് മേൽനോട്ടമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളായ പ്രണവും സഫീറും ഒളിവിലാണ്.