LiveTV

Live

Kerala

കെ.ആർ ഇന്ദിരക്കെതിരായി പരാതി നൽകിയ യുവാവിനെ പൊലീസ് വേട്ടയാടുന്നതായി പരാതി 

കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്റർ പ്രവർത്തകനായ തന്നെ രാഷ്ട്രീയമുദ്ര കുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് എന്നപേരിൽ നിരവധി പേർ വിളിക്കുന്നുവെന്നും വിപിൻദാസ് പറയുന്നു.  

കെ.ആർ ഇന്ദിരക്കെതിരായി പരാതി നൽകിയ യുവാവിനെ പൊലീസ് വേട്ടയാടുന്നതായി പരാതി 

തൃശൂർ: വർഗീയ വിദ്വേഷ പരാമർശത്തിന്റെ പേരിൽ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആർ ഇന്ദിരക്കെതിരെ പരാതി നൽകിയ യുവാവിനെ പൊലീസ് വേട്ടയാടുന്നു. പൊതുപ്രവർത്തകനായ വിപിൻദാസിനെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് പരാതിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചോദിച്ച് ശല്യം ചെയ്യുന്നത്. കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്റർ പ്രവർത്തകനായ തന്നെ രാഷ്ട്രീയമുദ്ര കുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് എന്നപേരിൽ നിരവധി പേർ വിളിക്കുന്നുവെന്നും വിപിൻദാസ് പറയുന്നു.

പരാതി നൽകിയത് കെ.ആർ ഇന്ദിരയുടെ വിദ്വേഷ പോസ്റ്റിനെതിരെ ആണെങ്കിലും കേസ് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചറിയാൻ പൊലീസിന് താൽപര്യമില്ലെന്ന് വിപിൻദാസിന്റെ സുഹൃത്തും പൊതുപ്രവർത്തകനുമായ പ്രശാന്ത് സുബ്രഹ്മണ്യൻ പറയുന്നു. കെ.ആർ ഇന്ദിര ആരാണ്, എവിടത്തുകാരിയാണ്, എവിടെ ജോലി ചെയ്യുന്നു, അവർ വിപിൻദാസിന്റെ അയൽവാസിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് പരാതി നൽകിയ ആദ്യദിവസം പൊലീസ് ചോദിച്ചതെന്നും പിന്നീടാണ് പരാതിക്കാരനെ ഭയപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ള, കേസുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

പ്രശാന്ത് സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വംശീയവാദി കെ.ആര്‍ ഇന്ദിരക്കെതിരെ വിപിന്‍ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ നിരന്തരം വിളിക്കുന്നു. ആദ്യം അവര്‍ക്ക് അറിയേണ്ടത് കെ ആര്‍ ഇന്ദിര വിപിന്‍ ദാസിന്‍റെ അയല്‍വാസിയാണോ എന്നാണ്! അവരുടെ വീട് അസ്മാബി കോളേജിന് അടുത്തണോ? എന്നായിരുന്നു.

കെ ആര്‍ ഇന്ദിര ആരാണ്, അവര്‍ എവിടത്തുകാരിയാണ്, അവര്‍ എവിടെ ജോലി ചെയുന്നു ഇതൊക്കെ സ്‌പെഷ്യൽ ബ്രാഞ്ചുകാർക്ക് വിപിൻ ദാസിനോട് ചോദിച്ചിട്ടു വേണോ അറിയാൻ? പിന്നെ ഇവർ എന്തോന്ന് പൊലീസ് ആണ്?

ഇനി ഇതൊന്നും അറിയാത്തവരാണ് എങ്കിൽ ഒരു കാര്യം മനസിലാക്കുക, വിപിൻ ദാസ് കേസ് കൊടുത്തിരിക്കുന്നത് അയൽ തർക്കം പരിഹരിക്കാനല്ല, അവൻ കേസ് കൊടുത്തിരിക്കുന്നത് അയലത്തെ വീട്ടിലെ ചേച്ചിക്കെതിരെ അല്ല എന്ന്.

അടുത്ത ദിവസത്തോടെ സ്‌പെഷ്യൽ ബ്രാഞ്ചിന്‍റെ രോഗം എന്തെന്ന് മനസിലായി. "ഇംഫാല്‍ ടാക്കീസിന്‍റെ പരിപാടി നടത്തിയത് മീഡിയാ ഡയലോഗ് സെന്‍റര്‍ ആണോ?". അടുത്ത ചോദ്യം, "കണ്ണമ്പിളി മുരളിക്ക് മീഡിയാ ഡയലോഗ് സെന്‍റര്‍ സ്വീകരണം കൊടുക്കുന്നുണ്ടോ?" വിപിന്‍ ദാസ് കൊടുത്ത കേസുമായി ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ബന്ധം ?

അവന്‍ കേസ് കൊടുത്തത്, യുക്തിവാദിയും ഫെമിനിസ്റ്റും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലൂടെ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന കാരണമാണ്. അത് പൊലീസിന് വ്യക്തമല്ലേ? വിപിന്‍ ദാസിനെ വിളിച്ച് കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഇന്നേവരെ കെ.ആര്‍ ഇന്ദിരയെ വിളിച്ച് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ? പൊലീസ് അവരെ ചോദ്യം ചെയ്തോ? ജാമ്യമില്ലാ കുറ്റം ചുമത്തിയ അവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തേ?

പകരം പൊലീസിന്‍റെ ഉദ്ദേശ്യമെന്താണ്? പരാതി കൊടുത്ത വിപിന്‍ ദാസിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് ലേബല്‍ ചെയ്യാനാണോ? അവനെ ഭയപ്പെടുത്താനാണോ?

വംശീയവാദി കെ ആര്‍ ഇന്ദിരക്കെതിരെ വിപിന്‍ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ നിരന്തരം...

Posted by Prashaanth Subrahmanian on Thursday, September 5, 2019