LiveTV

Live

Kerala

യു.എൻ.എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ ഭാര്യയും പ്രതി

യു.എൻ.എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ ഭാര്യയും പ്രതി

നേഴ്സുമാരുടെ സംഘടനയായ യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ്കേ സിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻഷായുടെ ഭാര്യയടക്കം നാല് പേരെക്കൂടി പ്രതി ചേർത്തു. ജാസ്മിൻഷാ ഉൾപ്പടെയുളള പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

യു.എൻ.എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്ന അബൂബക്കറിന്‍റെ അക്കൗണ്ടിലേക്ക് വന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷബ്നയെ കേസിലെ എട്ടാം പ്രതിയായി ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. യു.എൻ.എയുടെ അക്കൗണ്ടില്‍ നിന്ന് തുക പിൻവലിച്ച അതേദിവസം തന്നെയാണ് ഷബ്നയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. ഷബ്നയുടെ പേരിൽ തൃശൂരിൽ നാല് ഫ്ലാറ്റുകൾ ഉളളതായും കണക്കില്ലാത്ത വൻതുകകൾ ഇവരുടെ അക്കൗണ്ടിലുളളതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഷബ്നയെക്കൂടാതെ മറ്റു മൂന്നു പേരെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ, ട്രഷറർ വിപിൻ.എം.പോൾ, മുൻ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെയാണ് പ്രതിചേർത്തത്. ഇതോടെ കേസിൽ മൊത്തം എട്ടു പ്രതികളായി.അതേസമയം സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻഷാ അടക്കമുളള ആദ്യ നാല് പ്രതികൾക്കെതിരെ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ പേര് മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയാണെന്ന് നോട്ടീസിൽ പറയുന്നു.

ജാസ്മിൻ ഷാ ഖത്തറിൽ ഒളിവിൽ കഴിയുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നേരത്തെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് ലുക്ക്ഔട്ട് നോട്ടീസിലേക്ക് പോലീസ് കടന്നത്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍റെ അക്കൗണ്ട് മുഖേന ജാസ്മിൻ ഷാ അടക്കമുളള പ്രതികൾ 3.5 കോടിയുടെ തട്ടിപ്പ് നടത്തയെന്നാണ് കേസ്.