LiveTV

Live

Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ഉദ്യോഗാര്‍ഥി തന്നെയെന്ന് അന്വേഷണം സംഘം

യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷ എഴുതിയ മുഴുവന്‍ ആളുകളുടേയും വിവരം ശേഖരിക്കുന്നു. 

 പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ഉദ്യോഗാര്‍ഥി തന്നെയെന്ന്  അന്വേഷണം സംഘം

പി.എസ്‍.സി പരീക്ഷാതട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. ചോദ്യം ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷയെഴുതിയ മുഴുവന്‍ പേരുടെയും പട്ടിക നല്‍കാന്‍ ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് നോട്ടീസ് നല്‍കി.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥിയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഫോട്ടോ എടുത്ത് ചോദ്യം പുറത്തേക്ക് അയയ്ക്കുകയായിരുന്നു. പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. ചോര്‍ത്തിയ ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചു.

തട്ടിപ്പുകേസിലെ പ്രതികളായ ശിവരഞ്ജിത്തോ പ്രണവോ നസീമോ യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതിയിരുന്നില്ല. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ഉദ്യോഗാര്‍ത്ഥിക്ക് അടക്കം ഉത്തരങ്ങള്‍ ലഭിച്ചുകാണുമെന്നാണ് പൊലീസ് നിഗമനം. അങ്ങനെയെങ്കില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ നിരവധി തട്ടിപ്പുകാര്‍ കടന്നുകൂടാനുള്ള സാധ്യതയുണ്ട്. ഒളിവില്‍ കഴിയുന്ന പ്രണവും സഫീറും രണ്ട് ഘട്ടങ്ങളിലായി കീഴടങ്ങാനാണ് നോക്കുന്നത്. ഒളിവില്‍ കഴിയെ തന്നെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് വിലയിരുത്തി.

ഇന്നലെ ഗോകുലുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയെങ്കിലും പ്രണവിന് ഉത്തരമയച്ചു കൊടുത്ത ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് നശിപ്പിച്ച് കാണുമെന്ന് അന്വേഷണം സംഘം പറയുന്നു. പ്രണവിന്‍റെ കയ്യില്‍ നിന്ന് ലഭിച്ച ഫോണും രണ്ട് സിം കാര്‍ഡുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ഹൈടെക് സെല്ലിന് കൈമാറും.