LiveTV

Live

Kerala

ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചിടാനുള്ള നീക്കം; കണ്ട് വയനാട്ടിലെ വ്യാപാരി സമൂഹം നിയമ പോരാട്ടത്തിലേക്ക്

നിലവിലെ ദേശീയ പാതക്ക് പകരം ബദല്‍ റോഡിന്റെ സാധ്യത സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രിം കോടതി റിപ്പോര്‍ട്ട് തേടിയതോടെയാണ് വയനാട്ടില്‍ ആശങ്ക പടര്‍ന്നത്

ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചിടാനുള്ള നീക്കം; കണ്ട് വയനാട്ടിലെ വ്യാപാരി സമൂഹം നിയമ പോരാട്ടത്തിലേക്ക്

ദേശീയപാത 766 പൂര്‍ണ്ണമായി അടച്ചിടാനുള്ള സാധ്യത മുന്നില്‍ കണ്ട് വയനാട്ടിലെ വ്യാപാരി സമൂഹവും നിയമ പോരാട്ടത്തിനൊരുങ്ങുന്നു. നിലവിലെ ദേശീയ പാതക്ക് പകരം ബദല്‍ റോഡിന്റെ സാധ്യത സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രിം കോടതി റിപ്പോര്‍ട്ട് തേടിയതോടെയാണ് വയനാട്ടില്‍ ആശങ്ക പടര്‍ന്നത്.

ബന്ദീപൂര്‍ കടുവാ സങ്കേതത്തിനകത്ത് കൂടെ കടന്നു പോകുന്ന കൊല്ലഗല്‍-കോഴിക്കോട് ദേശീയ പാത പൂര്‍ണ്ണമായി അടച്ചിടാനുള്ള നീക്കം വയനാടിന് വലിയ തിരിച്ചടിയാകും എന്ന തിരിച്ചറിവില്‍ നിന്നാണ് വ്യാപാരി സമൂഹം നിയമ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാരിസ്ഥിതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയപാത 766 അടച്ചിട്ട്, കുട്ട വഴിയുള്ള ബദല്‍ പാത തുറന്നാലും ഇതേ പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്നാണ് ചേംബറിന്റെ അഭിപ്രായം.

നേരത്തെ രാത്രി യാത്രാ നിരോധം നിലവില്‍ വന്ന സമയത്ത് സുപ്രിം കോടതിയില്‍ അവിദഗ്ദമായി കേസ് കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയതായും ആക്ഷന്‍ കൌണ്‍സില്‍ വിലയിരുത്തി. ബദല്‍ പാതയുടെ സാധ്യതയെ കുറിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രിം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ധേശം നല്‍കിയ സാഹചര്യത്തില്‍ നിയമ പോരാട്ടത്തിന്റെ ഭാഗമാവുക മാത്രമാണ് പരിഹാരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ വയനാട്ടില്‍ നടക്കും.