LiveTV

Live

Kerala

മുസ്‍ലിം ലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം 

ലീഗില്‍ നേതൃമാറ്റമുണ്ടാവണം, രാജ്യത്തിന്‍റെ സാഹചര്യം മനസ്സിലാക്കി സജീവമായി ഇടപെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് മാറണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു

മുസ്‍ലിം ലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം 

മുസ്‌ലിം ലീഗില്‍ നേതൃമാറ്റം ഉണ്ടാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ പ്രമേയം. പാര്‍ലമെന്‍ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും 50 ശതമാനം മാറ്റിവെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി അമർഷം അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ അംഗങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ലീഗില്‍ നേതൃമാറ്റമുണ്ടാവണം, രാജ്യത്തിന്‍റെ സാഹചര്യം മനസ്സിലാക്കി സജീവമായി ഇടപെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് മാറണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മുന്‍കാലത്ത് 30 വയസ്സ് പോലും തികയാതെ നിയമനിര്‍മ്മാണ സഭകളില്‍ അംഗങ്ങളായവരുടെ കൈകളില്‍ പാര്‍ട്ടി നേതൃത്വം എത്തിയശേഷം യുവാക്കള്‍ക്ക് മതിയായ അവസരം നല്‍കുന്നില്ലെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ലമെന്‍ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റ് യുവാക്കള്‍ക്കും വനിതകള്‍ക്കും നീക്കി വെക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനത്തില്‍ കുഞ്ഞാലികുട്ടി അമര്‍ഷം രേഖപ്പെടുത്തി. ഭയരഹിത ഇന്ത്യ എല്ലാവര്‍ക്കുമുള്ള ഇന്ത്യ എന്ന പ്രമേയത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പയിന്‍റെ ഭാഗമായി അടുത്തമാസം രണ്ടിന് കോഴിക്കോട് റാലി നടത്താനും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ അസമിലേക്ക് പ്രതിനിധി സംഘത്തെ അയക്കുവാനും മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ തീരുമാനിച്ചു.