Top

തെറ്റുതിരുത്താൻ ലീഗ്; ദേശീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനൊരുങ്ങുന്നു 

ദേശീയതലത്തിൽ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരയും യു.ഡി.എഫ് നേതാക്കളെയും മറ്റും ഉൾപ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ റാലി കോഴിക്കോട്ട് സംഘടിപ്പിക്കും. 

MediaOne Logo

Web Desk

  • Updated:

    2019-09-05 04:53:12.0

Published:

5 Sep 2019 4:53 AM GMT

തെറ്റുതിരുത്താൻ ലീഗ്; ദേശീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനൊരുങ്ങുന്നു 
X

അണികളുടെ അതൃപ്തിയെയും നേതൃത്വത്തിന്റെ സ്വയംവിമർശനത്തെയും തുടർന്ന് മുസ്‌ലിം ലീഗ് ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടാനൊരുങ്ങുന്നു. പാർട്ടി എം.പിമാരുടെ പ്രകടനം വിലയിരുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കു വേണ്ടി കോഴിക്കോട്ട് നടക്കുന്ന നേതൃയോഗത്തിലാണ് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനു വേണ്ടിയുള്ള പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട്ട് ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കാനും അസമിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനമായി.

ന്യൂനപക്ഷ വിഭാഗങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ് എന്നിവരുടെ പ്രകടനം പരാജയമാണെന്ന് നേതൃയോഗത്തിൽ വിമർശനമുയർന്നിരുന്നു. പ്രത്യേകാവകാശം എൻ.ഡി.എ സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കശ്മീർ സന്ദർശനത്തിനായി പോയപ്പോൾ ലീഗിന്റെ ഒരു എം.പി പോലും സംഘത്തിലുണ്ടായിരുന്നില്ല. മുത്തലാഖ് വിഷയത്തിൽ ഏറെ പഴികേട്ട നിലപാടായിരുന്നു എംപിമാരുടേത്. ന്യൂനപക്ഷത്തിനെ പ്രത്യക്ഷമായി ലക്ഷ്യംവെക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അസം പൗരത്വ രജിസ്റ്റർ വിഷയത്തിലും ലീഗിന്റെ പ്രതിഷേധം ദുർബലമായിരുന്നു. മുസ്ലിം വിഷയങ്ങളിലുള്ള പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ദേശീയതലത്തിൽ ശ്രദ്ധേയനാകുമ്പോൾ ലീഗ് എം.പിമാർക്ക് പ്രതീക്ഷക്കൊത്തുയരാൻ കഴിയുന്നില്ലെന്ന് കെ.എം ഷാജി എം.എൽ.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും ആരോപമുന്നയിച്ചു.

ബുധനാഴ്ച മൂന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ എം.എൽ.എമാരുടെ സംഘത്തെ അസമിലേക്ക് അയക്കാൻ തീരുമാനമായി. ദേശീയതലത്തിൽ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരയും യു.ഡി.എഫ് നേതാക്കളെയും മറ്റും ഉൾപ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ റാലി കോഴിക്കോട്ട് സംഘടിപ്പിക്കും. കശ്മീരിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന വാർത്താ സമ്മേളത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കും.

TAGS :

Next Story