LiveTV

Live

Kerala

എം.പിമാരുടെ പ്രകടനം മോശം; മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം 

യോഗത്തിനിടെ ഒന്നിലേറെ തവണ കുഞ്ഞാലിക്കുട്ടിയും ഹംസയും തമ്മിൽ നേരിട്ട് വാക്‌പോരിൽ ഏർപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇതിൽ ഇടപെടേണ്ടി വന്നു.  

എം.പിമാരുടെ പ്രകടനം മോശം; മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം 

കോഴിക്കോട്: നേതൃത്വത്തിന്റെ വീഴ്ചയെ ചൊല്ലി മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ കടുത്ത വാക്‌പോര്. കോഴിക്കോട്ട് നടന്ന ലീഗ് അഖിലേന്ത്യാ ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് കെ.എം ഷാജി എം.എൽ.എയും സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും രംഗത്തെത്തി. മുത്തലാഖ്, അസം പൗരത്വ വിഷയം, കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ മൂന്ന് എം.പിമാരുടെയും പ്രകടനം മികച്ചതല്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച യോഗം വൈകീട്ട് 5.30 വരെ നീണ്ടു.

ദേശീയ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ലീഗ് എം.പിമാരായ കുഞ്ഞാലിക്കുട്ടിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പി.വി അബ്ദുൽ വഹാബിന്റെയും വേണ്ടത്ര ഇടപെടുന്നില്ല എന്ന വിമർശനമാണ് കെ.എം ഷാജിയും കെ.എസ് ഹംസയും ഉന്നയിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ അത്രപോലും ലീഗ് അംഗങ്ങൾക്ക് ഇടപെടാൻ കഴിയുന്നില്ല എന്നും എൻ.ഡി.എ സർക്കാർ 34 ബില്ലുകൾ തിടുക്കത്തിൽ അവതരിപ്പിച്ച് പാസാക്കിയപ്പോൾ അതിൽ ഇടപെട്ട് പ്രതിഷേധം അറിയിക്കുകയോ പ്രതിപക്ഷ പാർട്ടികളുടെ ഏകോപനത്തിനായി ശ്രമിക്കുകയോ ചെയ്തില്ല എന്നും ഇരുവരും ആരോപിച്ചു. യോഗത്തിനിടെ ഒന്നിലേറെ തവണ കുഞ്ഞാലിക്കുട്ടിയും ഹംസയും തമ്മിൽ നേരിട്ട് വാക്‌പോരിൽ ഏർപ്പെടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇതിൽ ഇടപെടേണ്ടി വന്നു.

കൊല്ലത്തുനിന്നുള്ള എ. യൂനുസ് കുഞ്ഞിനെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി നിയമിച്ചതിനെയും അദ്ദേഹത്തെക്കുറിച്ച് പാർട്ടി മുഖപത്രമായ 'ചന്ദ്രിക' സപ്ലിമെന്റ് ഇറക്കിയതിനെയും കെ.എം ഷാജി വിമർശിച്ചു. മുൻ പാർലമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.ടി മുഹമ്മദ് ബഷീറിന്റെ ഇപ്പോഴത്തെ പ്രകടനം ആശാവഹമല്ലെന്നും വിമർശനമുണ്ടായി. ഇതിനു മറുപടി പറയാതിരുന്ന ഇ.ടി ഒരു ഘട്ടത്തിൽ, എം.പിയെന്ന നിലയിൽ ഇത്തവണ താൻ പരാജയമാണെന്ന തോന്നൽ തനിക്കുതന്നെ ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ കാര്യമായി സംസാരിച്ചില്ല.

പാർട്ടിയിലെ ചില നേതാക്കൾ തനിക്കെതിരെ വ്യക്തിപരമായി നീങ്ങുകയാണെന്ന ആരോപണം പി.കെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. പാർലമെന്റിൽ പരമാവധി മികച്ച രീതിയിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്, ചിലർ പ്രത്യേക ലക്ഷ്യങ്ങളോടെ തന്നെ കടന്നാക്രമിക്കുകയാണ്. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് സംസാരിച്ചത്.