LiveTV

Live

Kerala

യു.ഡി.എഫ് നേതൃത്വത്തിനെതിരെ ലീഗ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത വിമര്‍ശനം

കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

യു.ഡി.എഫ് നേതൃത്വത്തിനെതിരെ  ലീഗ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത വിമര്‍ശനം

യു.ഡി.എഫ് നേതൃത്വത്തിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത വിമര്‍ശനം. കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും പരസ്യമായ തര്‍ക്കം തുടര്‍ന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. നേതൃയോഗം ഇന്നും തുടരും.

പാല തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. കേരള കോണ്‍ഗ്രസിനകത്ത് തുടരുന്ന തര്‍ക്കം സമയബന്ധിതമായി പരിഹരിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടെന്ന് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പോലും യു.ഡി.എഫിനായില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. നേതൃയോഗം ഇന്നും തുടരും. പാലയില്‍ നടക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ളതിനാല്‍ കെ.പി.എ മജീദും എം.കെ മുനീര്‍ എം.എല്‍.എയും ഇന്ന് നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കില്ല.

പാല തെരഞ്ഞെടുപ്പിനോടൊപ്പം മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ദുബൈ കെ.എം.സി.സിക്ക് അകത്തുണ്ടായ അഭിപ്രായ വ്യത്യാസവും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായി. പേരാമ്പ്ര കോളജിലെ പതാക വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കാമ്പസുകളില്‍ എം.എസ്.എഫ് കൂടുതല്‍ കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും പ്രവര്‍ത്തക സമിതിയിലുണ്ടായി.