LiveTV

Live

Kerala

തഹസില്‍ദാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

തഹസില്‍ദാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

റവന്യു റിക്കവറി തഹസില്‍ദാര്‍ക്കെതിരെ യുവതിയുടെ പരാതി. തഹസില്‍ദാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വീപര്‍ തസ്തികയില്‍ താത്ക്കാലിക ജീവനക്കാരിയാണ് പരാതിക്കാരി. കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാറായിരുന്ന എസ് ശ്രീകണ്ഠന്‍ നായര്‍ ഓഫീസില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവതി പറയുന്നു. ആഗസ്റ്റ് 2നാണ് യുവതി താത്ക്കാലികാടിസ്ഥാനത്തില്‍‌‌‌ ആറ് മാസത്തെ കാലാവധിക്ക് ജോലിയില്‍ പ്രവേശിക്കുന്നത്. ആഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവമെന്നും ഇതിനായി തഹസില്‍ദാര്‍ അന്നേ ദിവസം ഓഫീസില്‍ നേരത്തെ എത്തിയെന്നുമാണ് യുവതിയുടെ ആരോപണം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൌണ്‍ പൊലീസ് ഐ.പി.സി 354 വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്‍കിയതിന് ശേഷം തന്നോട് ജോലി തുടരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചതായും യുവതി പറയുന്നു. ഇതിനിടെ യുവതി പരാതി നല്‍കി രണ്ട് ദിവസത്തിനകം ആരോപണ വിധേയനായ തഹസില്‍ദാര്‍ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച് പോയി. തൊഴില്‍പരമായി യുവതിയോടെ ദേഷ്യപ്പെട്ടതിന്‍റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ആക്ഷേപമുന്നയിക്കുന്നതെന്നാണ് തഹസില്‍ദാറുടെ വാദം