LiveTV

Live

Kerala

ടൈറ്റാനിയം കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ മൂന്ന് മുന്നണികളുടേയും തീരുമാനം

തെരഞ്ഞെടുപ്പിന് മുൻപുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ളതാണെന്നാണ് പ്രതിപക്ഷ ആരോപണം

ടൈറ്റാനിയം കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ മൂന്ന് മുന്നണികളുടേയും തീരുമാനം

പാലാ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ടൈറ്റാനിയം കേസിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ആയുധമാക്കാനാണ് മൂന്ന് മുന്നണികളുടേയും തീരുമാനം. തെരഞ്ഞെടുപ്പിന് മുൻപുള്ള അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ളതാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ വിജിലൻസ് ശിപാർശ അംഗീകരിക്കുക മാത്രം ചെയ്തുവെന്നാണ് സർക്കാർ വിശദീകരണം. അന്വേഷണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനാണ് ബി.ജെ.പിയുടെയും നീക്കം.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഇടതുപക്ഷം ഏറ്റവും അധികം ഉപയോഗിച്ച ആയുധമായിരിന്നു ടൈറ്റാനിയം അഴിമതിക്കേസ് .ഈ കേസ് സി.ബി.ഐക്ക് വിട്ടത് വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും തീരുമാനത്തിന് പിന്നിൽ രാഷ്ട്രിയമുണ്ടെന്ന് വ്യക്തം. അതും പാലാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമ്പോ പ്രചരണത്തിൽ അഴിമതി മുഖ്യവിഷയമാക്കാൻ ഇടത് മുന്നണി ആലോചിക്കുന്നുവെന്ന് വേണം കരുതാൻ. മാണി മരിച്ചത് കൊണ്ട് ബാർ കോഴക്കേസ് നേരിട്ട് ഉന്നയിക്കാൻ സാധ്യതയില്ലെങ്കിലും ടൈറ്റാനിയം കേസ് പ്രചരണത്തിൽ ഉന്നയിക്കുക വഴി യു.ഡി.എഫ് നേതാക്കൾ അഴിമതിക്കാരാണെന്ന് സ്ഥാപിക്കാനുള്ള നീക്കങ്ങൾ ഇടത് മുന്നണിയിൽ നിന്നുണ്ടായേക്കും.

അതേസമയം സോളാർ കേസ് പോലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ആയുധമാണ് ടൈറ്റാനിയം കേസെന്ന് സ്ഥാപിക്കാനാണ് യു.ഡി.എഫ് തീരുമാനം. വിജിലൻസ് വർഷങ്ങളോളം അന്വേഷിച്ചിട്ട് ക്ലീൻ ചിറ്റ് നൽകിയ നേതാക്കളെ സി.ബി.ഐ അന്വേഷണത്തിൽ കുടുക്കുന്നതിന് പിന്നിൽ രാഷ്ട്രിയ വൈരാഗ്യമുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടത് വലത് മുന്നണികൾക്കെതിരെ ടൈറ്റാനിയം കേസ് ആയുധമാക്കാനാണ് ബി.ജെ.പിയുടേയും ശ്രമം. വർഷങ്ങൾക്ക് മുൻപ് നടന്ന അഴിമതി കേസ് തെളിയിക്കാത്തത് ഇരുമുന്നണികളുടേയും ഒത്ത് കളിയാണെന്നാണ് ബി.ജെ.പി ആരോപണം.

Also read: ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

Also read: ടൈറ്റാനിയം കേസ് : അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു