LiveTV

Live

Kerala

പരിസ്ഥിതിലോല പ്രദേശത്ത് പാറ ഖനനത്തിന് നീക്കം: പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന് നാദാപുരം ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ വളയലായി മലയിലാണ് ഖനന നീക്കം സജീവമായത്

പരിസ്ഥിതിലോല പ്രദേശത്ത് പാറ ഖനനത്തിന് നീക്കം: പ്രതിഷേധവുമായി നാട്ടുകാര്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയ സ്ഥലത്ത് പാറ ഖനനത്തിന് നീക്കം. കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന് നാദാപുരം ചെക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ വളയലായി മലയിലാണ് ഖനന നീക്കം സജീവമായത്. കണ്ണൂർ ജില്ല കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട ക്വാറി മാഫിയയാണ് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ട പരിസ്ഥിതി ലോല പ്രദേശമാണ് കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലായി കിടക്കുന്ന വളയിലായി മല.

കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പതിവായ സ്ഥലത്താണ് ഖനനത്തിനുള്ള അനുമതി തേടി ക്വാറി മാഫിയ രംഗത്തെത്തിയത്. മലയിലേക്ക് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ അതിര്‍ത്തിയിലുള്ള നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചു. ഖനനം ആരംഭിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെടിമരുന്ന് സൂക്ഷിക്കാനുള്ള കെട്ടിടത്തിന്‍റെ പണിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പാറകള്‍ നിറഞ്ഞ വളയിലായി മലയോരത്തുള്ള നിരവധി ഏക്കര്‍ ഭൂമിയുടെ വില്‍പ്പന ഈ അടുത്ത കാലത്തായി നടന്നിരുന്നു. മഴക്കാലത്ത് നിരവധി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ സ്ഥലങ്ങള്‍ മലയുടെ പലഭാഗങ്ങളിലായുണ്ട്. വളയിലായി മലയില്‍ ഖനനം ആരംഭിച്ചാല്‍ വലിയ പാരിസ്ഥിതിക പ്രശ്ങ്ങള്‍ തന്നെയുണ്ടാകും.