LiveTV

Live

Kerala

വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന് ഇനി തിരുവനന്തപുരം വരെ പോകേണ്ടതില്ല

നോര്‍ക്ക റൂട്ട്സിന്‍റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും അറ്റസ്റ്റേഷന് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷന് ഇനി തിരുവനന്തപുരം വരെ പോകേണ്ടതില്ല

വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്ക് ഇനി തിരുവനന്തപുരത്തേക്ക് പോകേണ്ടതില്ല. നോര്‍ക്ക റൂട്ട്സിന്‍റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും അറ്റസ്റ്റേഷന് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്ക ലഭ്യമാക്കിയതോടെയാണ് പുതിയ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയത്.

വിദേശരാജ്യത്തേക്ക് പോകുമ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വിഭാഗത്തില്‍ നേരിട്ട് എത്തിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ച് വന്നിരുന്നത്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തന്നെ നോർക മുഖേന അറ്റസ്റ്റ് ചെയ്തു നല്‍കുന്നുണ്ട്. അതിന് പുറമെയാണ് പുതിയ സൌകര്യം നോര്‍ക്ക വഴി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ ആവശ്യങ്ങൾ നോര്‍ക്ക റൂട്ട്സിന്‍റെ മേഖലാ ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രങ്ങള്‍ വഴിയും ഇനി മുതല്‍ ലഭ്യമാകും. സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് സെക്രട്ടറിയേറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വകുപ്പില്‍ എത്തിച്ച് തിരികെ നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായാണ് നോര്‍ക്ക റൂട്ട്സിന്‍റെ ജില്ലാ ഓഫീസുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ഇതോടെ വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക് റൂട്ട്സിന്‍റെ മേഖലാ-ജില്ലാ ഓഫീസുകളില്‍ ഏല്‍പ്പിച്ചാല്‍ മതിയാകും. കാലങ്ങളായുള്ള പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.