LiveTV

Live

Kerala

സമരം: തൊഴിൽ മന്ത്രി വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല

ഏഴാം തീയതി വരെ സമയം ചോദിച്ച് മാനേജ്മെന്റ് തൊഴിൽ വകുപ്പിന് കത്ത് നൽകി.

സമരം: തൊഴിൽ മന്ത്രി വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല

മുത്തൂറ്റിലെ തൊഴിലാളി സമരം പരിഹരിക്കാന്‍ തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. ഏഴാം തീയതി വരെ സമയം ചോദിച്ച് മാനേജ്മെന്റ് തൊഴിൽ വകുപ്പിന് കത്ത് നൽകി. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒൻപതാം തീയതി കോട്ടയത്ത് വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

സംസ്ഥാനത്തെ 15 ശാഖകൾ പൂട്ടുന്നുവെന്ന് മുത്തൂറ്റ് പത്രപരസ്യം നൽകിയിരുന്നു. ഇത് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇതിന് വഴങ്ങില്ലെന്നും സി.ഐ.ടി.യു നേതൃത്വം പ്രതികരിച്ചു.

സംസ്ഥാനത്തെ 10 റീജ്യണുകളിലായി മുത്തൂറ്റിന്റെ മുന്നൂറോളം ശാഖകളിലാണ് സി.ഐ.ടി.യു സമരം പുരോഗമിക്കുന്നത്. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ് തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ജീവനക്കാരുമായി മുത്തൂറ്റ് മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയാറിയിട്ടില്ല. സമരം തുടര്‍ന്നാല്‍ മൂന്നൂറോളം ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 15 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയതായി കാണിച്ച് മാനേജ്മെന്റ് ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. തൊഴിലാളികളുടെ അവകാശം നേടിയെടുക്കും വരെ സമരം തുടരുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.