LiveTV

Live

Kerala

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പാര്‍ടി ചിഹ്നമില്ല; അവസാന നിമിഷം പത്രിക നല്‍കി ജോസഫ് ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത നീക്കം

നിയമപ്രശ്നം മറികടക്കാനാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പി.ജെ ജോസഫ്. ഇത്തവണ രണ്ടില ചിഹ്നം ആര്‍ക്കും കൊടുക്കുന്നില്ല. യു.ഡി.എഫ് നേതൃത്വത്തിന് ഇത് ബോധ്യപ്പെട്ടോളുമെന്നും ജോസഫ്

 പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പാര്‍ടി ചിഹ്നമില്ല; അവസാന നിമിഷം പത്രിക നല്‍കി ജോസഫ് ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത നീക്കം

പാലായില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ അപ്രതീക്ഷിത നീക്കം. ജോസഫ് കണ്ടത്തിലിനെ സ്വതന്ത്രനായി ഇറക്കിയാണ് ജോസഫ് വിഭാഗം യു.ഡി.എഫിനെ ഞെട്ടിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കരുതെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തും നല്‍കി.

കര്‍ഷസംഘം സംസ്ഥാന സെക്രട്ടറിയാണ് ജോസഫ് കണ്ടത്തില്‍. താന്‍ വിമതനോ ഡമ്മിയോ അല്ലെന്ന് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു. നിയമപ്രശ്നം മറികടക്കാനാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പി.ജെ ജോസഫ് പറഞ്ഞു. ഇത്തവണ രണ്ടില ചിഹ്നം ആര്‍ക്കും കൊടുക്കുന്നില്ല. യു.ഡി.എഫ് നേതൃത്വത്തിന് ഇത് ബോധ്യപ്പെട്ടോളും. ജോസഫ് കണ്ടത്തില്‍ സ്ഥാനാര്‍തിഥ്വം പിന്‍വലിക്കുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.

അതേസമയം യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇത് ഗൌരവത്തോടെയാണ് യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുള്ളത്. യു.ഡി.എഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് പുതിയ സ്ഥാനാര്‍ഥി വന്നത്. ചിഹ്നം എന്തായാലും മാണിയാണ് പാലായിലെ ഏറ്റവും വലിയ ചിഹ്നമെന്ന് ജോസ് കെ മാണി പറഞ്ഞു.