LiveTV

Live

Kerala

രണ്ടില അനുവദിക്കണം; ജോസ് കെ മാണി ഇന്ന് പി.ജെ ജോസഫിന് അയച്ച കത്ത് പുറത്ത്

കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി സെപ്തംബര്‍ ഒന്നാണ്. ഇന്ന് ഉച്ചയ്ക്ക് 2.29നാണ് ഇ മെയില്‍ വഴി അയച്ചത്. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

 രണ്ടില അനുവദിക്കണം; ജോസ് കെ മാണി ഇന്ന് പി.ജെ ജോസഫിന് അയച്ച കത്ത് പുറത്ത്

പാലായില്‍ യു.ഡി.എഫ് സ്ഥാനാർഥി ടോം ജോസിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി പി.ജെ ജോസഫിന് കത്ത് നല്‍കി. ഇന്ന് ഉച്ചയ്ക്ക് 2.29നാണ് ഇ-മെയില്‍ മുഖാന്തരം ജോസ് കെ മാണി കത്ത് നല്‍കിയത്. പി.ജെ ജോസഫ് പാർട്ടി വർക്കിംഗ് ചെയർമാനെന്ന് അംഗീകരിച്ചുകൊണ്ടുള്ള ജോസ് കെ മാണിയുടെ കത്ത് മീഡിയവണ്‍ പുറത്തുവിട്ടു.

കെ.എം മാണി 54 വർഷം പ്രതിനിധീകരിച്ച മണ്ഡലമായ പാലായില്‍ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ മാണി കത്തയച്ചത്. കത്തില്‍ പി.ജെ ജോസഫിനെ വർക്കിംഗ് ചെയർമാനായി ജോസ് കെ മാണി അംഗീകരിക്കുന്നു. വർക്കിംഗ് ചെയർമാന്റെ അധികാരത്തില്‍ രണ്ടില ചിഹ്നം അനുവദിക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കത്ത് തയ്യാറാക്കിയത് സെപ്റ്റംബർ മാസം ഒന്നാം തിയ്യതിയാണ്. നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷം ഉച്ചയ്ക്ക് 2.29 നാണ് ജോസ് കെ മാണി ഇ-മെയില്‍ സന്ദേശം അയച്ചത്.

അവസാന നിമിഷം കത്തയച്ചത് തട്ടിപ്പാണെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. അങ്ങനെയൊരു മെയില്‍ അയച്ചിട്ടുണ്ടെന്ന് അറിയിക്കുകയോ മാധ്യമങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഇന്ന് നാടകീയ സംഭവങ്ങളാണ് പാലായില്‍ നടന്നത്. ജോസഫ് കണ്ടത്തിലിനെ സ്വതന്ത്രനായി ഇറക്കിയാണ് ജോസഫ് വിഭാഗം യു.ഡി.എഫിനെ ഞെട്ടിച്ചത്. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കരുതെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തും നല്‍കി.

നിയമപ്രശ്നം മറികടക്കാനാണ് ജോസഫ് കണ്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പി.ജെ ജോസഫ് പറഞ്ഞു. ഇത്തവണ രണ്ടില ചിഹ്നം ആര്‍ക്കും കൊടുക്കുന്നില്ല. യു.ഡി.എഫ് നേതൃത്വത്തിന് ഇത് ബോധ്യപ്പെട്ടോളും. ജോസഫ് കണ്ടത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.

അതേസമയം യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇത് ഗൌരവത്തോടെയാണ് യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുള്ളത്. യു.ഡി.എഫ് ചെയര്‍മാന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെയാണ് പുതിയ സ്ഥാനാര്‍ഥി വന്നത്. ചിഹ്നം എന്തായാലും മാണിയാണ് പാലായിലെ ഏറ്റവും വലിയ ചിഹ്നമെന്ന് ജോസ് കെ മാണി പ്രതികരിക്കുകയുണ്ടായി.