LiveTV

Live

Kerala

യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചു: ജോസ് കെ മാണി

ഗൌരവത്തോടെയാണ് യു.ഡി.എഫ് നേതാക്കള്‍ എടുത്തിട്ടുള്ളതെന്ന്

യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ ജോസഫ് ഗ്രൂപ്പ് ലംഘിച്ചു: ജോസ് കെ മാണി

പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫിലെ എല്ലാ ധാരണകളും ലംഘിച്ചെന്ന് ജോസ് കെ മാണി. വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പാര്‍ട്ടി ഗൌരവമായി കാണുമെന്നും ജോസ് കെ മാണി പറഞ്ഞു. നിയമ പ്രശ്നങ്ങള്‍ മറികടക്കാനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നായിരുന്നു പി.ജെ ജോസഫിന്റെ മറുപടി. ചിഹ്നം ചോദിച്ച് ജോസഫിനെ സമീപിക്കാനിരുന്ന ജോസ് ടോമിനെ പാലായിലുള്ള ചിലര്‍ ത‍ടഞ്ഞതാണെന്ന് സജി മഞ്ഞക്കടമ്പന്‍ ആരോപിച്ചു.

ചിഹ്നം തടയാന്‍ കത്ത് നല്‍കുകയും വിമത സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കുകയും ചെയ്ത പി.ജെ ജോസഫിന്റെ നടപടിയോട് കടുത്ത ഭാഷയിലായിരുന്നു ജോസ് കെ മാണിയുടെ മറുപടി. സമവായം സൃഷ്ടിക്കുന്നതില്‍ എല്ലാ നിലക്കും യു.ഡി.എഫ് പരാജയപ്പെടുന്നുവെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ വികാരം. അത് പ്രകടിപ്പിക്കുന്നതായിരുന്നു ജോസ് കെ മാണിയുടെ വാക്കുകള്‍.

തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും രണ്ടില ചിഹ്നം വിട്ടുകൊടുക്കാതിരിക്കാനുള്ള എല്ലാ നീക്കവും തുടരുമെന്നും വ്യക്തമാക്കുന്നതായിരുന്നു ഇതിനുള്ള പി.ജെ ജോസഫിന്റെ മറുപടി. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫിന് കത്ത് നല്‍കാന്‍ സ്ഥാനാര്‍ഥി ജോസ് ടോം തയ്യാറെടുത്തിരുന്നുവെന്നും ഇത് പാലായിലുള്ള ചിലര്‍ തടയുകയായിരുന്നുവെന്ന ഒളിയമ്പും ജോസഫ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. പാലാ ഉപതെരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസിലെ കലാപങ്ങള്‍ക്ക് ശക്തികൂട്ടിയെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും ഇരുപക്ഷവും നടത്തുന്ന നീക്കങ്ങള്‍.