LiveTV

Live

Kerala

ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ച പി. സദാശിവം പടിയിറങ്ങുന്നു

പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആര്‍ക്കും അടിപ്പെടാതിരുന്ന ഗവര്‍ണ്ണര്‍ അവസാനകാലയളവില്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും കുറച്ച് അകല്‍ച്ചയിലുമായിരുന്നു

ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ച പി. സദാശിവം പടിയിറങ്ങുന്നു

ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ചാണ് ജസ്റ്റിസ് പി. സദാശിവം പടിയിറങ്ങുന്നത്. അ‍ഞ്ച് വര്‍ഷത്തെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിപ്പിക്കുമ്പോള്‍ ഗവര്‍ണ്ണര്‍ എന്ന പദവി കൊണ്ടും ചിലത് ചെയ്യാനാകുമെന്ന് പി.സദാശിവം തെളിയിച്ച് കഴിഞ്ഞു. പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആര്‍ക്കും അടിപ്പെടാതിരുന്ന ഗവര്‍ണ്ണര്‍ അവസാനകാലയളവില്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും കുറച്ച് അകല്‍ച്ചയിലുമായിരുന്നു.

രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ തലപ്പത്ത് നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് പി.സദാശിവം നേരെ വരുന്നത് കേരളത്തിലെ പ്രഥമ പൌരനായിട്ടായിരിന്നു. 2014 സെപ്റ്റംബറില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം ഇന്നവസാക്കുമ്പോള്‍ മലയാളിക്ക് മറ്റ് ഗവര്‍ണ്ണര്‍മാരേക്കാള്‍ പരിചിതനാണ് പി.സദാശിവം. സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനങ്ങളില്‍ ന്യായാധിപന്‍ വിധി നിര്‍ണ്ണയിക്കുന്നത് പോലെ കാര്യങ്ങള്‍ സൂഷ്മമായി പരിശോധിച്ച് ഇടപെട്ട ഗവര്‍ണറായിരുന്നു പി. സദാശിവം. സർക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അപ്പടി അംഗീകരിക്കുന്ന ഗവര്‍ണറായിരുന്നില്ല അദ്ദേഹം. വിട്ടയയ്ക്കാനുള്ള തടവുകാരുടെ പട്ടിക സര്‍ക്കാരിന് തിരിച്ചയച്ചു.

വിവരാവകാശ കമ്മിഷണര്‍മാരുടെ പട്ടികയിൽനിന്നു കേസില്‍ പ്രതിയാക്കപ്പെട്ടതിനെതിന്‍റെ പേരില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എ.എ.റഷീദിനെ ഒഴിവാക്കി ബാക്കിയുള്ളവരെ നിയമിച്ചു. ക്രമസമാധാന പ്രശ്ശങ്ങളുണ്ടായപ്പോഴൊക്കെ ഗവര്‍ണറുടെ ഇടപെടലുകളുണ്ടായി. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് വിളിച്ച് വരുത്തി. എന്നിട്ടും കടുത്ത നിലപാട് സ്വീകരിക്കാതിരുന്ന സി.പി.എം ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനുവും ഉന്നയിച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് വൈസ് ചാന്‍സലര്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ നിന്നുള്ള രണ്ട് അംഗങ്ങളെ ഒഴിവാക്കി മറ്റു രണ്ടുപേരെ ഗവര്‍ണര്‍ നിയമിച്ചതാണ് സര്‍ക്കാരിന്‍റെ പാര്‍ട്ടിയുടേയും വിമര്‍ശനത്തിനിടയാക്കിയത്.

ഏറ്റവും ഒടുവില്‍ യൂണിവേഴ്സിറ്റി കൊളേജില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ വിഷയത്തില്‍ വരെ അദ്ദേഹം ഇടപെട്ടു. വിവിധ പ്രശ്നങ്ങളില്‍ ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം പലതവണ പരാതികളുമായി രാജ്ഭനിലെത്തിയെങ്കിലും ഒരു സന്ദര്‍ഭത്തിലും അദ്ദേഹം രാഷ്ട്രീയം കണ്ടില്ല. ക്രമസമാധാന വിഷയങ്ങളുണ്ടായിട്ടും സര്‍ക്കാരിനെതിരെ ഗവര്‍ണ്ണര്‍ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി നേതാക്കാള്‍ പരസ്യമായി പറഞ്ഞതും അദ്ദേഹം പദവിയെ ദുരുപയോഗം ചെയ്തിട്ടില്ല എന്നതിന്‍റെ തെളിവാണ്. പ്രളയം അടക്കം കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന ഘട്ടത്തിലെല്ലാം രാജ്ഭവനിലെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയും ഗവര്‍ണര്‍ വഴികാട്ടി. ഇന്ന് ഔദ്യോഗിക ജീവിതം അവസാനിക്കുമെങ്കിലും നാളെ വൈകുന്നേരം മാത്രമേ പി. സദാശിവും ഭാര്യ സരസ്വതി സദാശിവവും തലസ്ഥാനത്ത് നിന്ന് മടങ്ങുകയുള്ളു.