LiveTV

Live

Kerala

ശ്രീറാം കേസില്‍ പൊലീസ് വാദം കള്ളമെന്ന് വിവരാവകാശ രേഖ

കെ.എം ബഷീര്‍ അപകടത്തില്‍ പെട്ട സമയത്ത് സി.സി.ടി.വി പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു പൊലീസ് വാദം

ശ്രീറാം കേസില്‍ പൊലീസ് വാദം കള്ളമെന്ന് വിവരാവകാശ രേഖ

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ വാദം പൊളിഞ്ഞു. അപകടം നടന്ന സ്ഥലത്തെയും, പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അപകടം നടന്ന ദിവസം ഈ മേഖലയിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ആഗസ്റ്റ് രണ്ടിനാണ് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനു കാരണമായ അപകടം നടക്കുന്നത്. രണ്ടാം തീയതി തന്നെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വിവരാവകാശത്തിനു നൽകിയ മറുപടിയിലാണ് പോലീസിന്റെ വാദങ്ങൾ പൊളിക്കുന്ന നിർണായക വിവരങ്ങളുള്ളത്. അപകടം നടന്ന സ്ഥലത്തെയും, പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ ആദ്യം മുതലേയുള്ള വാദം. എന്നാൽ അപകട ദിവസം മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായി വിവരാവകാശ രേഖയിൽ പറയുന്നു. ഫിക്സഡ് ക്യാമറ ഉൾപ്പടെയുണ്ടായിരുന്നുവെന്നും വ്യകതമാക്കുന്നുണ്ട്.

തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. അതിനാൽ തന്നെ കെ.എം. ബഷീറിന്റെ അപകടവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നിർണായക വിവരങ്ങൾ ഈ ക്യാമറകളിലുണ്ടാകുമെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കാത്തതു സംശയം വർധിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളുടേതല്ലാതെ പോലീസിന്റെ ഭാഗത്തു നിന്നുള്ള ഒരു സി.സി.ടി.വി ദൃശ്യങ്ങളും ഇത് വരെയും പുറത്തു വന്നിട്ടില്ല.